തെലുങ്കിലേക്ക് അരങ്ങേറ്റം കുറിച്ച് ഫഹദ് ഫാസില്‍. അല്ലു അര്‍ജ്ജുന്റെ ബിഗ് ബജറ്റ് മാസ് എന്റര്‍ടെയിനര്‍ ‘പുഷ്പ’യില്‍ വില്ലനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തെലുങ്ക് ചിത്രവുമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുകുമാര്‍ – അല്ലു അര്ജുന് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന പുഷ്പ അഞ്ച് ഭാഷകളിലാണ് ഒരുങ്ങുന്നത്. മോളിവുഡ് പവര്‍ഹൗസ് ഫഹദ് ഫാസിലിനെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്സ് ടീസറിലൂടെ അറിയിച്ചത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് പുഷ്പ. സുകുമാര്‍ സംവിധാനം നിര്‍വഹിച്ച എല്ലാ ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ച ദേവി ശ്രീ പ്രസാദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതം. രശ്മി മന്ദാനയാണ് നായിക. പുഷ്പരാജ് എന്ന കള്ളക്കടത്തുകാരന്റെ റോളിലാണ് അല്ലു അര്ജ്ജുന്. കാടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചിത്രീകരണം നടന്നത്. ആന്ധ്രയിലെ മരടുമല്ലി ഫോറസ്റ്റിനൊപ്പം ആതിരപ്പള്ളിയിലും പുഷ്പ ചിത്രീകരിച്ചിരുന്നു. ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും ചിത്രത്തിലുണ്ട്.