ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തിയ ദൃശ്യം സിനിമയിലെ വരുണ്‍ എന്ന കഥാപാത്രത്തെ അറിയാത്ത സിനിമാ പ്രേമികള്‍ ഉണ്ടാകില്ല. ദൃശ്യം എന്ന ചിത്രത്തിന്റെ കഥ മുന്നോട്ടുപോകുന്നതും വില്ലനായി തിളങ്ങിയ വരുണിനെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. വരുണിനെ അവതരിപ്പിച്ച റോഷന് ബഷീറും അങ്ങനെ പ്രേക്ഷകരുടെ പ്രിയ താരമാകുകയായിരുന്നു. ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ച് റോഷന് മലയാളത്തിന്റെ യുവ താര നിരയില്‍ തിളങ്ങുന്നുണ്ട്.
റോഷന് ഒരു കലാകുടുംബത്തില്‍ നിന്ന് വന്നതാണെന്ന് അധികമൊന്നും ആളുകള്‍ക്ക് അറിയില്ല. മേലേ വാര്യത്തെ മാലാഖക്കുട്ടികള്‍, കുടുംബവിശേഷങ്ങള്‍, കല്യാണപ്പിറ്റേന്ന് എന്നീ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കലന്തന് ബഷീറിന്റെ മകനാണ് റോഷന് ബഷീര്‍.
ഇപ്പോഴിതാ താര കുടുംബത്തെക്കുറിച്ച് മനു വര്‍ഗീസ് എന്ന പ്രേക്ഷകന് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. സിനിമകള്‍ക്ക് പുറമെ ആല്‍ബങ്ങളിലും പരസ്യചിത്രങ്ങളിലും ബഷീര്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ഒരു ബ്രേക്ക് നല്കുന്ന വേഷങ്ങളൊന്നും സിനിമയില്‍ നിന്ന് ലഭിച്ചിരുന്നില്ല. പക്ഷെ മകന് റോഷന് ബാപ്പച്ചിയുടെ ആഗ്രഹം പോലെ സിനിമയിലെത്തുകയും ശ്രദ്ദക്കപ്പെടുന്ന വേഷങ്ങള്‍ ചെയ്യുകയും ചെയ്തു. സിനിമയെ നെഞ്ചോട് ചേര്‍ത്ത ഇത്തരം ആയിരം ബഷീറുമാരുടേത് കൂടിയാണ് മലയാള സിനിമയെന്ന് മനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മനുവിന്റെ കുറിപ്പ് വായിക്കാം:
കലന്തന് ബഷീര്‍ എന്ന നടനെക്കുറിച്ച് മലയാള സിനിമ പ്രേക്ഷകര്‍ക്ക് അറിവുണ്ടാകാനിടയില്ല..പക്ഷേ പല സിനിമകളിലും നമ്മള് ഈ നടനെ കണ്ടിട്ടുണ്ട് ..മേലേ വാര്യത്തെ മാലാഖക്കുട്ടികളില് ..കുടുംബവിശേഷത്തില്..കല്യാണപ്പിറ്റേന്നില്‍ ..ഇമ്മിണി നല്ലൊരാളില്‍. സിനിമയെ നെഞ്ചോട് ചേര്‍ത്ത ഇത്തരം ആയിരം ബഷീറുമാരുടേത് കൂടിയാണ് മലയാള സിനിമ ..നിരവധി സിനിമകളിലും ആല്‍ബങ്ങളിലും പരസ്യചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ബഷീര്‍ എന്ന നടന് ബ്രേക്കാവുന്ന കഥാപാത്രങ്ങള്‍ തേടിയെത്തിയില്ല. പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം ഉപ്പയുടെ സ്വപ്നങ്ങളുടെ പൂര്‍ത്തികരണം പോലെ മകന് സിനിമയിലെത്തി..റോഷന് ബഷീര്‍…ദൃശ്യത്തിലെ മലയാളി ഒരിക്കലും മറക്കാത്ത കഥാപാത്രമായി മാറിയ വരുണ്‍….ഇത് കാലത്തിന്റെ കാവ്യനീതിയാണ് ..വിക്കിപീഡിയയിലോ മറ്റ് രേഖകളിലോ ഇല്ലാത്ത നടീ നടന്മാരെക്കുറിച്ചുള്ള അന്വേഷണം തുടരുന്നു..