തെന്തിന്ത്യൻ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് ചിമ്പു. ചിമ്പുവിന്റ ഡയറ്റിനെക്കുറിച്ചും ശരീരഭാരം കുറച്ചതിനെക്കുറിച്ചും പറയുകയാണ് അദ്ദേഹത്തിന്റെ മുൻ ഫിറ്റ്നസ് ട്രയിനർ കൂടിയായ സന്ദീപ് രാജ്. ‘അച്ചം യെൻപത് മടമയ്യടാ’ എന്ന ചിത്രത്തിനു ശേഷമായിരുന്നു ചിമ്പുവിന്റെ ശരീരഭാരം കൂടിയത്. ലുക്കിൽ പോലും വലിയ മാറ്റമായിരുന്നു ഉണ്ടായത്. 2020ൽ സുഹൃത്തിന്റെ വിവാഹത്തിന് എത്തിയപ്പോൾ ആയിരുന്നു സന്ദീപ് രാജിനെ ചിമ്പു പരിചയപ്പെടുന്നത്. ആ പരിചയപ്പെടൽ പിന്നീട് ചിമ്പുവിന്റെ ഫിറ്റ്നസ് ട്രയിനർ ആക്കി സന്ദീപിനെ മാറ്റി.
സംവിധായകൻ മണിരത്നത്തിന്റെ ‘ചെക്ക ചിവന്ത വാനം’ എന്ന സിനിമയിൽ വളരെ വേഗത്തിൽ ഓടുന്ന ഒരു സീൻ ചിമ്പുവിന് ഉണ്ടായിരുന്നു. എന്നാൽ, ആ രംഗം ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ തനിക്ക് കാൽമുട്ടിന് വളരെയധികം വേദനയുണ്ടായിയെന്ന് ചിമ്പു പറഞ്ഞു. ആ സമയത്ത് താരത്തിന് ഫിസിക്കൽ ആക്ടിവിറ്റി ഒന്നും ഉണ്ടായിരുന്നില്ല. സിനിമ കണ്ട പലരും തനിക്ക് ഓടാൻ പോലും കഴിയില്ലെന്ന് പറഞ്ഞെന്നും ചിമ്പു ഓർക്കുന്നു. ‘മാനാട്’ സിനിമയിൽ ഒരു സീനിനായി തനിക്ക് ഓടേണ്ടി വന്നെന്നും അന്ന് ആർക്കും തന്നെ തൊടാൻ പോലും കഴിഞ്ഞില്ലെന്നും ചിമ്പു വ്യക്തമാക്കി.
അതേസമയം, ഒരു ദിവസം അഞ്ചു ബിരിയാണി വരെ കഴിക്കുമായിരുന്ന ചിമ്പു ശരീരഭാരം കുറയ്ക്കാനുള്ള യാത്ര തുടങ്ങിയപ്പോൾ മാംസം കഴിക്കുന്നത് നിർത്തി. പിന്നീട് അങ്ങോട്ട് പച്ചക്കറികൾ മാത്രമായിരുന്നു കഴിക്കുന്നത്. ഭക്ഷണം സ്വയം പാചകം ചെയ്യാൻ തുടങ്ങിയത് കൂടാതെ എല്ലാ ദിവസവും രാവിലെ നാലരയ്ക്ക് മുമ്പായി എഴുന്നേൽക്കാനും ആരംഭിച്ചു. നടത്തം, നീന്തൽ, സ്പോർട്സ്, കാർഡിയോ എന്നിവ ഫിറ്റ്നസ് ദിനചര്യയിൽ ഉൾപ്പെടുത്തി. പത്തു കിലോയോളം ഭാരം 2021 ഫെബ്രുവരിയോടെ അദ്ദേഹത്തിന് കുറയ്ക്കാൻ കഴിഞ്ഞെന്നും അവസാനം പരിശോധിച്ചപ്പോൾ 70 കിലോ ആയിരുന്നു അദ്ദേഹത്തിന്റെ ഭാരമെന്നും സന്ദീപ് രാജ് പറഞ്ഞു. ബിഹൈൻഡ് വുഡ്സിനോട് സംസാരിക്കവെയാണ് സന്ദീപ് രാജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.