മലയാളികൾ ഇപ്പോഴും പാടിക്കൊണ്ടിരിക്കുന്ന ‘കൈതോല പായ വിരിച്ച്’, ‘പാലോം പാലോം നല്ല നടപ്പാലോം’ തുടങ്ങിയ ഗാനങ്ങളുടെ സൃഷ്ടാവായ ജിതേഷ് കക്കിടിപ്പുറം നിര്യാതനായി. പെയിന്റിങ് തൊഴിലാളിയായ ജിതേഷ് വർഷങ്ങൾക്ക് മുമ്പ്, 1992-ൽ അവിചാരിതമായി എഴുതിയ ‘കൈതോല.. പായ വിരിച്ച്’ എന്ന ഗാനം പിന്നീട് മലയാളികളുടെ എക്കാലത്തെയും ഹിറ്റ് ഗാനമായി മാറുകയായിരുന്നു. ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റുപാടിയ ഈ ഗാനത്തിന്റെ സൃഷ്ടാവിനെ 26 വർഷങ്ങൾക്ക് ശേഷമാണ് ലോകമറിയുന്നത്. പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കരൾ സംബദ്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനകൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.