ലോകകപ്പ് ചരിത്രത്തില്‍ തന്നെ ഏറ്റവും ഞെട്ടിക്കുന്ന അട്ടിമറികളിലൊന്നായിരുന്നു ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ന് അരങ്ങേറിയത്. ലോകകപ്പിലെ ഫേവററ്റുകളിലൊന്നായ വമ്പന്‍ ടീം അര്‍ജന്റീനയെ സൗദി അറേബ്യ നിലംപരിശാക്കുന്ന കാഴ്ച. ഇന്ത്യയിലടക്കമുള്ള അര്‍ജന്റീന ആരാധകരെ കണ്ണീരിലാഴ്ത്തുന്നതായിരുന്നു മെസിയുടെ ടീമിന്റെ പരാജയം. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അര്‍ജന്റീനയുടെ തോല്‍വി ആഘോഷമാക്കുകയാണ് ട്രോളന്മാര്. കേരളത്തില്‍ നിന്ന് കളി കാണാന്‍ പോയ ഷാഫി പറമ്പിലിനെയും ടീമിനെയും വി.ടി ബല്‍റാം ട്രോളിയതും സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു.
ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍ട്ടി ഗോളില്‍ മുന്നിട്ടു നിന്നിരുന്ന അര്‍ജന്റീനയെ രണ്ടാം പകുതിയില്‍ സൗദി നിഷ്പ്രഭമാക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. രണ്ടാം പകുതിയില്‍ 48-ാം മിനിറ്റിലാണ് അര്‍ജന്റീനയെ വിറപ്പിച്ച് സൗദി താരം സാലിഹ് അല്‍ ശെഹ്രിയുടെ ഗോള്‍ പിറന്നത്. 53-ാം മിനിറ്റില്‍ സലിം അല്‍ ദൗസറി രണ്ടാം ഗോളും അടിച്ചു. ഇതോടെ മത്സരത്തില്‍ സൗദി ഒരു ഗോളിന്റെ ലീഡ് നേടി (21). തുടര്‍ന്ന് അര്‍ജന്റീനയെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു സൗദി പുറത്തെടുത്തത്. അധികസമയം വരെ മത്സരം മുറുകിയിട്ടും അര്‍ജന്റീനയ്ക്ക് ലീഡ് തിരിച്ചുപിടിക്കാനായില്ല.
തുടര്‍ച്ചയായ 36 വിജയവുമായി നീങ്ങിയിരുന്ന അര്‍ജന്റീനയുടെ കുതിപ്പിനാണ് അവര്‍ തടയിട്ടത്. 37 വിജയമുള്ള ഇറ്റലിക്കൊപ്പമെത്താനുള്ള അവസരമാണ് സൗദി കണ്ണീരില്‍ കുതിര്‍ത്തത്. പല അവസരങ്ങള്‍ ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് മുതലാക്കാനായില്ല. തീപാറുന്ന പ്രതിരോധമായിരുന്നു സൗദി പുറത്തെടുത്തത്. ഇതോടെ അര്‍ജന്റീനന്‍ ടീം പതറുകയായിരുന്നു.