തൊണ്ണൂറുകളിൽ സൗത്ത് ഇന്ത്യ മുഴുവൻ അടക്കി വാണിരുന്ന നടിയാണ് ശോഭന. 1991ൽ രജനീകാന്തിനെ നായകനാക്കി മണിരത്നം ഒരുക്കിയ ദളപതിയിൽ അഭിനയിക്കുമ്പോൾ ശോഭനക്ക് പ്രായം ഇരുപത് വയസ്സായിരുന്നു. രണ്ടു മാസത്തെ തുടർച്ചയായ ഷൂട്ടിംഗ് കാരണം ശോഭനക്ക് വീടും ബന്ധുക്കളുമെല്ലാം ഭയങ്കരമായി മിസ് ചെയ്തിരുന്നു. ആകെ വിഷമത്തിലായ ശോഭന സംവിധായകൻ മണിരത്നത്തെ കണ്ട് ഒരു ദിവസത്തെ അവധി ചോദിച്ചു. ഒരു ദിവസത്തെ ഷൂട്ട് മാത്രം ബാക്കിയുണ്ടായിരുന്നതിനാൽ ഒരു ദിവസം കൂടി കാത്തിരിക്കുവാനാണ് സംവിധായകൻ പറഞ്ഞത്. നിർഭാഗ്യവശാൽ മറ്റു താരങ്ങൾക്ക് എത്തിപ്പെടുവാൻ സാധിക്കാതിരുന്നതിനാൽ അന്നത്തെ ഷൂട്ട് മുടങ്ങി. ആകെ വിഷമത്തിലായ ശോഭന സെറ്റിലിരുന്ന് പൊട്ടിക്കരയുവാൻ തുടങ്ങി. നടിയുടെ കരച്ചിൽ കണ്ട മമ്മൂക്കയാണ് താരത്തിനെ ആശ്വസിപ്പിച്ചത്.
സിനിമക്ക് വേണ്ടിയുള്ള ആ കഠിനാധ്വാനം എന്തായാലും വൃഥാവിലായില്ല. ദീപാവലി റിലീസായി തീയറ്ററുകളിൽ എത്തിയ ചിത്രം വമ്പൻ വിജയമാണ് കുറിച്ചത്. രജനീകാന്ത്, മമ്മൂക്ക, ശോഭന എന്നിവരെ കൂടാതെ അരവിന്ദ് സ്വാമി, ജയ് ശങ്കർ, അമരേഷ് പുരി, ശ്രീവിദ്യ, ഭാനുപ്രിയ, ഗീത എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഇന്നും സിനിമ പ്രേമികളുടെ ഒരു പ്രിയപ്പെട്ട ചിത്രമാണ് ദളപതി.