മോഹന്‍ലാലിനെ നായകനാക്കി യുവ സൂപ്പര്‍ താരം പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. നൂറു കോടി ക്ലബില്‍ എത്തിയ രണ്ടാമത്തെ മാത്രം മലയാള ചിത്രമായ ലൂസിഫര്‍ ആയിരുന്നു പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രം. മാസ്സ് ചിത്രമായിരുന്ന ലൂസിഫറില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ഒരുക്കി കൊണ്ടാണ് പൃഥ്വിരാജ് സുകുമാരന്‍ എത്തുന്നത്. ഏതായാലും ഈ ഫാമിലി കോമഡി ചിത്രത്തിന്റെ സൂപ്പര്‍ ഹിറ്റായ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകരെ രസിപ്പിച്ചതിനു പിന്നാലേ ഒരു അടിപൊളി ടീസര്‍ കൂടി പുറത്തു വന്നിരുന്നു. ഒരു പക്കാ ഫണ്‍ റൈഡ് ആയിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ടീസര്‍ തന്നത്. ഇപ്പോഴിതാ ചിരിവിരുന്നിന് കൂടുതൽ ആകാംക്ഷയേകി ചിത്രത്തിന്റെ തകർപ്പൻ ട്രെയ്ലർ പുറത്തിറങ്ങിയിരിക്കുകയാണ്.
ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം ജനുവരി അവസാനം ആകും എത്തുക എന്നാണ് സൂചന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്ന് പേരുള്ള അച്ഛനും മകനും ആയാണ് ഇതില്‍ ഇവര്‍ അഭിനയിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനും ആണ്.
മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദര്ശന്, മീന, ലാലു അലക്സ്, സൗബിന് ഷാഹിര്‍, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദന്, മല്ലിക സുകുമാരന്‍ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഏതായാലും പ്രേക്ഷകര്‍ ഇന്ന് ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നായി മാറി കഴിഞ്ഞു. ഇതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകനായി എത്തുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് ആയിരിക്കും ആ ചിത്രം.