ജി ആർ ഇന്ദുഗോപൻ എഴുതിയ പ്രശസ്തമായ ‘ചെങ്ങന്നൂർ ഗൂഢസംഘം’ എന്ന കഥ സിനിമയാകുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. കൊച്ചി മുനമ്പം തീരത്ത് നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഡിയാഗോ ഗാർഷ്യ ദ്വീപുകളിലേക്ക് സാഹസികമായി സ്രാവ് പിടിക്കാൻ പോകുന്ന ഒരു കൂട്ടം മനുഷ്യരുടെയും അവരെ നയിക്കുന്ന നായകന്റെയും കഥയാണിത്. ബ്രിട്ടീഷ് പ്രവിശ്യയായ ഡിയാഗോ ഗാർഷ്യ അമേരിക്കൻ പട്ടാളത്തിന് പാട്ടം കൊടുത്തിരിക്കുകയാണ്. അമേരിക്കൻ പട്ടാളത്തിന്റെ നിയന്ത്രണത്തെ വക വെക്കാതെ യന്ത്രസഹായം പോലുമില്ലാതെ ചൂണ്ടയും കൊളുത്തും മാത്രം ഉപയോഗിച്ച് കൂറ്റൻ സ്രാവുകളെ പിടികൂടുന്ന ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും സാഹസികരും ധൈര്യശാലികളുമായ മനുഷ്യരുടെ കഥയാണിത്.
ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രം ടോവിനോ തോമസ് നായകനാകുന്ന സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിയാണ്. കുഞ്ഞിരാമായണം, ഗോദ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ബേസിൽ ജോസഫാണ് ചിത്രത്തിന്റെ സംവിധാനം.