ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രം ‘ഗംഗുഭായി കത്തിയവാഡി’യുടെ ട്രയിലർ റിലീസ് ചെയ്തു. മുംബൈയിലെ കാമാത്തിപുര അടക്കി വാണിരുന്ന ഗംഗുഭായി ആയിട്ടാണ് ആലിയ എത്തുന്നത്. ട്രയിലറിൽ ആലിയ ഗംഗുഭായി എന്ന കഥാപാത്രമായി ആടി തിമിർത്തിരിക്കുകയാണ്. വാക്കിലും നോക്കിലും ശരീരഭാഷയിലും ചലനത്തിലും കരുത്തും അധികാരവും സ്ഫുരിച്ചു നിൽക്കുന്ന കഥാപാത്രമായി ആലിയ ഭട്ട് മാറിയിരിക്കുകയാണ്.
കാമാത്തിപുരയിലേക്കുള്ള ഗംഗുഭായിയുടെ വരവും പിന്നീടുള്ള രാഷ്ട്രീയപ്രവേശനവുമാണ് ചിത്രത്തിൽ പറയുന്നത്. സിനിമ ഒരുങ്ങുന്നത് ഹുസൈൻ സെയ്ദിയുടെ മാഫിയാ ക്വീൻസ് ഓഫ് മുംബൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ്.
ചിത്രം ഫെബ്രുവരി 25ന് തിയറ്ററിൽ റിലീസ് ചെയ്യും. കോവിഡിനെ തുടർന്ന് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റി വെച്ചിരുന്നു. ശന്തനു മഹേശ്വരി, വിജയ് റാസ്, ഹുമാ ഖുറേഷി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗൺ, ഇമ്രാൻ ഹാഷ്മി എന്നിവർ അതിഥി വേഷത്തിലെത്തുന്നു. സുദീപ് ചാറ്റർജിയാണ് ക്യാമറ. സഞ്ജയ് ലീലാ ബൻസാലി പ്രൊഡക്ഷൻസും പെൻ ഇന്ത്യയും ചേർന്നാണ് നിർമാണം.