കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രശസ്ത നടി ഗായത്രി സുരേഷ് ഉൾപ്പെട്ട ഒരു റോഡ് ആക്സിഡന്റ് സംഭവം സോഷ്യൽ മീഡിയയിൽ വൈറലായത്. കാക്കനാടിനു സമീപം ഗായത്രി സുരേഷും സുഹൃത്തും സഞ്ചരിച്ച കാർ മറ്റൊരു വണ്ടിയിൽ തട്ടുകയും, നടിയും സുഹൃത്തും അതിനു ശേഷം വണ്ടി നിർത്താതെ പോയി എന്നാരോപിച്ചു അവരെ പിന്തുടർന്ന് പിടിച്ച നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. ശേഷം പോലീസ് വന്നാണ് പ്രശ്നം ഒത്തുതീർപ്പാക്കിയത്. പിന്നീട്, ഗായത്രി ഇൻസ്റ്റഗ്രാം ലൈവിൽ വന്നു എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കുകയും ചെയ്തു. ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ വണ്ടികളുടെ വശത്തെ കണ്ണാടിയാണ് തട്ടിയതെന്നും, സിനിമാ നടിയായതു കൊണ്ട് തന്നെ ആ സമയത്തു നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്ന ഭയത്താലാണ് നിർത്താതെ പോയതെന്നും ഗായത്രി അതിൽ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്നാപ്യാരി എന്ന ചിത്രത്തിൽ തൃശ്ശൂർ ഭാഷ സംസാരിച്ചു കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഗായത്രി സുരേഷ്. മോഡലിങ് രംഗത്തു നിന്ന് അഭിനയത്തിലേക്ക് വന്ന ഒരു താരമാണ് ഗായത്രി. അഭിനയത്തിന്റെ ആദ്യനാളുകളിൽ നിരവധി ട്രോളുകൾക്ക് വിധേയയാകേണ്ടി വന്നു എങ്കിലും ഇപ്പോൾ ആരാധകർ ഏറെയാണ് ഗായത്രിക്ക്. മലയാളത്തിനു പുറമേ തമിഴിലും അഭിനയിച്ച താരം ഇപ്പോൾ തെലുങ്കിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ സ്വപ്നങ്ങളെ കുറിച്ചും പ്രണയവും വെളിപ്പെടുത്തുന്ന ഗായത്രിയുടെ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്. ഗായത്രിയുടെ ആദ്യത്തെ പാൻ ഇന്ത്യൻ സിനിമയായ “എസ്കേപ്പ്” പ്രദർശനത്തിനൊരുങ്ങുകയാണ്. “ജമ്നാപ്യാരി” എന്ന ചിത്രത്തിലേക്ക് എത്തുന്നതിന് മുമ്പ് “വള്ളിയും തെറ്റി പുള്ളിയും തെറ്റി”, “നിർണായകം”, “പ്രേമം” എന്നീ ചിത്രങ്ങളുടെ ഓഡിഷനിൽ ഗായത്രി പങ്കെടുത്തിരുന്നു. എന്നാൽ അതെല്ലാം റിജക്ട് ആയി പോവുകയായിരുന്നു. തൻ്റെ ഇഷ്ടങ്ങളും പ്രണയവുമെല്ലാം തുറന്നു പറയുകയാണ് താരം അഭിമുഖത്തിൽ.
സിനിമയിൽ വന്നതിനു ശേഷം ഒരുപാട് പ്രേമ അഭ്യർത്ഥനകൾ ഉണ്ടായെങ്കിലും തനിക്ക് ഒരാളോട് മാത്രം ആണ് ഇഷ്ടം തോന്നിയിട്ടുള്ളത് എന്നും അത് പ്രണവ് മോഹൻലാൽ ആണെന്നും ഗായത്രി വ്യക്തമാക്കി. പ്രണവ് ഒരുപാട് ഉയരങ്ങളിൽ ആണ് നിൽക്കുന്നത്. സിനിമകളിലൂടെ ആ ഉയർച്ച നേടിയിട്ട് പ്രണവ് ഇത് അറിയണം എന്നാണ് ഗായത്രിയുടെ ആഗ്രഹം. സിനിമയിൽ ഇതിനോടകം നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഗായത്രിക്ക് രാജകുമാരി, വേശ്യ, ഫ്രീക്കത്തി തുടങ്ങി വിവിധ തരം കഥാപാത്രങ്ങളെ ചെയ്യാൻ ആഗ്രഹമുണ്ട്. കൂടാതെ അഭിനയത്തിനു പുറമേ സംവിധാനം ചെയ്യണം എന്നാണ് ഗായത്രിയുടെ സ്വപ്നം.