ക്രിസ്മസ് റിലീസ് ആയി എത്തി തിയറ്ററുകൾ കീഴടക്കിയ ചിത്രമാണ് ‘നേര്’. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രം ആദ്യഷോ കഴിഞ്ഞപ്പോൾ മുതൽ തിയറ്ററിൽ മികച്ച അഭിപ്രായം നേടി ജൈത്രയാത്ര തുടരുകയാണ്. ആദ്യവാരത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്ക്രീനുകളിൽ രണ്ടാം വാരം ചിത്രം പ്രദർശിപ്പിച്ചു തുടങ്ങി.
നിരവധി റെക്കോർഡുകൾ തകർത്താണ് ഓരോ ദിവസവും ചിത്രം മുന്നോട്ട് പോകുന്നത്. ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ നല്കുന്ന വിവരം അനുസരിച്ച് തൃശൂരിലെ ജോര്‍ജേട്ടന്‍സ് രാഗം തിയറ്റര്‍ ആണ് നേരിന്റെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റിരിക്കുന്നത് റിലീസിന്റെ 17-ാം ദിവസമായപ്പോഴേക്കും രാഗം നേരിന്റെ 50,000 ടിക്കറ്റുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ പ്രധാന സിംഗിള്‍ സ്ക്രീനുകളില്‍ ഒന്നായ ഇവിടെ മാത്രം നേരിന് ഇതുവരെ ലഭിച്ച കളക്ഷന്‍ 52 ലക്ഷം രൂപയാണ്.
നേര് ടിക്കറ്റ് വിൽപനയിൽ തൊട്ടുപിന്നിൽ എറണാകുളം കവിതയും തിരുവനന്തപുരം ഏരീസ് പ്ലെക്സുമാണ്. അതേസമയം, ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 75 കോടി പിന്നിട്ടതായാണ് വിവരം. ഒരു കോർട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.