മുൻ ലോകസഭ അംഗവും, നടനുമായ സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് തേടി ഇറങ്ങിയതിൽ സിനിമാ പ്രവർത്തകർ ഇപ്പോൾ തന്നോട് വിരോധം തീർക്കുന്നു എന്ന് പരാതിപ്പെടുകയാണ് മകൻ ഗോകുൽ സുരേഷ്. ടൈംസ് ഓഫ് ഇന്ത്യയുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്. ലോക്സഭാ ഇലക്ഷനിൽ തൃശൂർ മണ്ഡലത്തിൽ നിന്നു NDA സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി മകൻ ഗോകുൽ സുരേഷ് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. ഏറെ പരിശ്രമിച്ചിട്ടും വിജയിക്കാൻ സാധിക്കാത്ത സുരേഷ് ഗോപി ഇപ്പോൾ രാഷ്ട്രീയ ജീവിതത്തിൽ നിന്നും പിന്മാറി അഭിനയ രംഗത്തേക്ക് വീണ്ടും ഊർജ്ജിതമായി കടക്കുകയാണ്.
സുരേഷ് ഗോപിയുടെ ഇലക്ഷൻ സംബന്ധമായ എല്ലാ വാർത്തകളും കെട്ടടങ്ങിയതിന് പിന്നാലെയാണ് മകന്റെ വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. തനിക്കെതിരെ ഉള്ള നീക്കങ്ങള്‍ വളരെ ശ്രദ്ധയോടെ നിര്‍മ്മാതാക്കള്‍ നടപ്പാക്കുകയാണെന്നും തന്റെ ബി.ജെ.പി ബന്ധം കാരണമാണ് നിര്‍മാതാക്കള്‍ തന്നെ ലക്ഷ്യം വയ്ക്കുന്നത് എന്നും ചിത്രത്തിനുവേണ്ടി പൂർണമായും സഹകരിച്ചു കൊണ്ടിരിക്കുന്ന തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും വിധം നിർമാതാക്കൾ ചിത്രീകരണം നീട്ടിക്കൊണ്ടു പോകുന്നു എന്നും ഗോകുൽ സുരേഷ് പറയുന്നു. എന്നാല്‍ ഗോകുലിന്റെ ആരോപണങ്ങള്‍ നിര്‍മാതാക്കളില്‍ ഒരാളായ മെഹ്ഫൂസ് തള്ളിക്കളയുകയും ഗോകുലിനോട് തങ്ങള്‍ക്ക് വിരോധമൊന്നുമില്ലെന്നും മറ്റ് ചില കാരണങ്ങള്‍ കാരണമാണ് ഷൂട്ടിങ് മുടങ്ങിയതെന്നും പറയുകയും ചെയ്യുന്നു.