മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപി ഇന്ന് തന്റെ അറുപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന് കൂടുതൽ നിറം പകരാൻ സുരേഷ് ഗോപി നായകനായി എത്തുന്ന പുതിയ ചിത്രം കാവലിന്റെ ടീസറും ഇന്ന് പുറത്ത് വിട്ടിരുന്നു. മാസ്സ് ആക്ഷൻ ഹീറോ പരിവേഷത്തിലേക്ക് ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് കാവൽ. ഗുഡ്വിൽ എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്.
അതേ സമയം അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകനും നടനുമായ ഗോകുൽ സുരേഷ് പങ്ക് വെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അച്ഛനുമൊത്തുള്ള ഒരു പഴയ കുടുംബചിത്രം പങ്ക് വെച്ചാണ് ഗോകുൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അച്ഛനെനിക്ക് ദൈവതുല്യനും ഗൃഹാതുരത്വം ഉണർത്തുന്ന നിരവധി ഓർമ്മകളുമാണ്. തിരശീലയിലൂടെ നിരവധി ഹൃദയങ്ങൾ കീഴടക്കുന്നതോടൊപ്പം തന്നെ വീട്ടിൽ സൂപ്പർഡാഡിയായിരിക്കുന്നത് കാണുന്നതും ഒരു മാന്ത്രികത തന്നെയാണ്. പക്വത പ്രാപിക്കാത്ത സിംബയായ എനിക്ക് ഏറെ ബഹുമാന്യനായ മുഫാസയാണ് അച്ഛനെങ്കിലും അച്ഛൻ പറയാറുള്ളത് പോലെ സിംബയുമാണ് അച്ഛൻ. എത്ര നാൾ മാറി നിന്നാലും അച്ഛൻ അഭിനയത്തിലേക്ക് തിരിച്ചു വരുമ്പോൾ എന്നിലെ ഫാൻ ബോയും ഏറെ ആവേശത്തിലാണ്. ഏറെ പ്രചോദനമേകുന്ന ഈ പാതയിലൂടെ എന്നെ കൈ പിടിച്ച് നടത്തിയ അച്ഛന് ഒരായിരം നന്ദി. ഹാപ്പി ബർത്ത് ഡേ..!