മിമിക്രി താരം, ടെലിവിഷന്‍ അവതാരകന്, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തനാണ് സാജു കൊടിയന്‍. ആലുവയാണ് സ്വദേശം. ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി ആല്‍ബത്തിലൂടെയാണ് സാജു പ്രശസ്തനാവുന്നത്. ഡോക്ടര്‍ പേഷ്യന്റ്, പരുന്ത്, കനകസിംഹാസനം, വാമനപുരം ബസ്സ്റൂട്ട്, തില്ലാന തില്ലാന, ഒന്നാമന്, 2 കണ്ട്രീസ് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്. ഇന്ന് ഒട്ടുമിക്കവരും വഴി അറിയുവാൻ ആശ്രയിക്കുന്ന ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചെങ്കിലും അത് നേടിത്തന്ന ഒരു ഗുണം പങ്ക് വെച്ചിരിക്കുകയാണ് താരം.
ഒരു ദിവസം നെടുങ്കണ്ടത്തെ ഒരു പ്രോഗ്രാമിന് ഞാനും മാർട്ടിനും ജയരാജുമെല്ലാം പോയി. അത് കഴിഞ്ഞ് തിരിച്ച് വരുമ്പോൾ വണ്ടിയോടിക്കുന്ന പയ്യൻ പറഞ്ഞു വഴിയെനിക്കത്ര പിടിയില്ല, രാത്രിയായോണ്ട് ആരൊടെങ്കിലും ചോദിക്കാന്നുവെച്ചാൽ അതും പറ്റില്ലെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഗൂഗിൾ അമ്മായി ഓൺ ചെയ്യൂ,അത് വഴി പറഞ്ഞു തരുമെന്ന്. അങ്ങനെ ഗൂഗിൾ മാപ്പ് പറഞ്ഞ വഴിയിലൂടെ പോന്നു. കുറേ പോന്നപ്പോൾ ഒരു ബോർഡ് കണ്ടു, മൂന്നാർ രണ്ട് കിലോമീറ്റർ എന്ന്. പിന്നെ മൂന്നാർ ടൗണിൽ കയറി ചായയൊക്കെ കുടിച്ചു. ഗൂഗിൾ അമ്മായി കാരണം അങ്ങനെയൊരു ഗുണം കിട്ടി, മൂന്നാർ കാണാൻ പറ്റി.
കോമഡി പരിപാടികളിലെ ആമിനത്താത്തയുടെ റോളാണ് സാജുവിന് ഏറ്റവും കൂടുതൽ പ്രശസ്തി നേടിക്കൊടുത്തിട്ടുള്ളത്. അത് കൂടാതെ മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്പേയ്, ഉഷ ഉതുപ്പ് എന്നിവരുടെ ഡ്യൂപ്പായും സാജു തിളങ്ങി. ഉഷ ഉതുപ്പ് തന്നെ സാജു കൊടിയനെ ഒരിക്കൽ മേക്കപ്പ് ചെയ്തിട്ടുമുണ്ട്.