നടി അനുഷ്ക ശർമ്മയുടെയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാടിന്റെയും ആരാധകർ ഇപ്പോൾ ഒരു ആശയക്കുഴപ്പത്തിലാണ്. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ ഭാര്യ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ ഉത്തരം കിട്ടുന്നത് അനുഷ്ക ശർമ്മ എന്നാണ്. അതിന്റെ പിന്നിലുള്ള കാരണം ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
ഇരുപത്തിരണ്ട് വയസുകാരനായ റാഷിദ് ഈ അടുത്ത് ഇൻസ്റ്റാഗ്രാമിൽ നടത്തിയ ചോദ്യോത്തര വേളയിൽ നൽകിയ ഉത്തരമാണ് എല്ലാത്തിനും കാരണം. ഏറ്റവും ഇഷ്ടപ്പെട്ട നടിമാർ ആരൊക്കെ എന്ന ചോദ്യത്തിന് അനുഷ്ക ശർമ്മ, പ്രീതി സിന്റ എന്നിവരുടെ പേരാണ് താരം പറഞ്ഞത്. അത് ഏറ്റെടുത്ത ആരാധകർ റാഷിദിന്റെയും അനുഷ്കയുടെയും പേരുകൾ ഇൻറർനെറ്റിൽ കൂടുതൽ മെൻഷൻ ചെയ്തതോടു കൂടിയാണ് ഗൂഗിളിന്റെ സെർച്ച് എഞ്ചിന് ഇത്തരത്തിലൊരു പണി കിട്ടിയത്. ഇഡിയറ്റ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് കാണിക്കുന്നതും ഇതുപോലെ മെൻഷൻ വന്നത് കൊണ്ടാണ്.