പ്രതിസന്ധികളെ മറികടന്ന് ആരക്കുഴ ഇഞ്ചിക്കണ്ടത്തിൽ ശെൽവരാജിന്റെ മകൻ ഗോപകുമാറും മൂവാറ്റുപുഴ ഗവ. മോഡൽ ഹൈസ്കൂളിനു സമീപം പുറമടത്തോട്ടത്തിൽ ഗോപിനാഥന്റെ മകൾ ധന്യയും വിവാഹിതരായി. ഗോപകുമാർ പെണ്ണ് കാണാൻ ചെല്ലുന്നതിന് മുൻപ് തന്നെ ധന്യ അദ്ദേഹത്തെ ഫോണിൽ വിളിക്കുകയും തന്റെ പരിമിതികളെക്കുറിച്ച് പറയുകയും ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. തന്നെ കെട്ടി ജീവിതം ബുദ്ധിമുട്ട് ആക്കണോ എന്ന് പെണ്ണ് കാണാൻ വന്ന ശേഷവും ധന്യ ആവർത്തിച്ചു. പത്തൊമ്പതാം വയസ്സിൽ വീൽചെയറിൽ കയറുന്നത് വരെ ആർക്കും ഭാരമായി താൻ ജീവിച്ചിട്ടില്ല എന്നും ഇനി അങ്ങനെ ഉണ്ടായാൽ അത് തനിക്ക് സഹിക്കാനാവില്ലെന്നും ധന്യ പറയുന്നുണ്ട്.
ഗോപകുമാറിന്റെ വാക്കുകൾ:
“ധന്യ പലവട്ടം പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ വിടാതെ പിന്തുടർന്നു. ആദ്യം കണ്ടപ്പോൾ തോന്നിയ ഇഷ്ടം പാതിവഴിയിൽ ഉപേക്ഷിക്കാൻ തോന്നിയില്ല. ശാരീരിക പരിമിതികളെ അതിജീവിച്ച കരുത്തും നന്മയും നിറഞ്ഞ മനസ്സിന്റെ ഉടമയെയാണ് ഞാൻ ധന്യയിൽ കണ്ടത്. അതുകൊണ്ടുതന്നെ സങ്കടപ്പെടുത്തില്ല എന്നു വാക്കു കൊടുത്ത് ജീവിതകാലം കൂടെ കൂട്ടി’’.
പത്തൊൻപതാം വയസ്സിൽ അങ്കമാലിയിൽ ഒപ്റ്റോമെട്രിക്ക് പഠിക്കുമ്പോഴാണ് ധന്യയ്ക്ക് നട്ടെല്ലിൽ ട്യൂമർ പിടിപെടുന്നത്. ചികിത്സയെത്തുടർന്ന് ഇടയ്ക്ക് പഠനം പാതിവഴിയിൽ തടസ്സപ്പെട്ടെങ്കിലും എംജി സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷിൽ ബിരുദവും ബിരുദാനാന്തര ബിരുദവും നേടി. ധന്യ മികച്ച ഒരു ഗായിക കൂടിയാണ്. Akhil Po ഫോട്ടോഗ്രാഫിയാണ് വിവാഹചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.