സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ് ഇമ്രാൻഖാൻ. സംഗീതത്തിൽ വിദ്വാൻ ആണെങ്കിലും ഓട്ടോ ഓടിച്ചാണ് അദ്ദേഹം ഉപജീവനത്തിനുള്ള മാർഗ്ഗം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ഒരു സംഗീത പരിപാടിയിൽ അതിഥിയായി അദ്ദേഹം എത്തുകയും പാട്ടിനോടുള്ള തന്റെ ഇഷ്ടത്തെ പറ്റി തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്ന ഗോപിസുന്ദർ ഇത് കേൾക്കുകയും അദ്ദേഹത്തിന് ഒരു പാട്ട് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ വാഗ്ദാനം നിറവേറ്റുകയാണ് ഗോപിസുന്ദർ.
ഇമ്രാന് ഒരു കിടിലൻ സർപ്രൈസ് നൽകികൊണ്ടാണ് തന്റെ ചിത്രത്തിലേക്ക് ഗായകനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. മാസ്ക് ധരിച്ച് ഇമ്രാൻഖാന്റെ ഓട്ടോയിൽ കയറി പിന്നീട് ഇടയ്ക്ക് ചായ കുടിക്കാൻ നിർത്തിയപ്പോൾ സംഭാഷണത്തിനിടെയാണ് ഗോപിസുന്ദർ തന്റെ പേര് വെളിപ്പെടുത്തിയത്. പേര് കേട്ട് ഞെട്ടിയ ഇമ്രാൻഖാന്റെ കൈകളിലേക്ക് പാട്ടിനുള്ള അഡ്വാൻസും ഗോപിസുന്ദർ നൽകി. തന്റെ യൂട്യൂബ് ചാനലിലൂടെ ഈ സർപ്രൈസ് വീഡിയോ പങ്കു വെച്ചതും ഗോപിസുന്ദർ തന്നെയാണ്. പുതിയ പാട്ടിന്റെ ഈണവും ഗോപിസുന്ദർ ഇമ്രാനെ പഠിപ്പിക്കുന്നുണ്ട്. ബി.കെ ഹരിനാരായണനാണ് പാട്ടിന് വരികളൊരുക്കുന്നത്. അധികം കാലതാമസമില്ലാതെ പാട്ടിന്റെ റെക്കോർഡിങ് ഉണ്ടാകുമെന്നും ഗോപിസുന്ദർ അറിയിച്ചു.