മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ സന്ദർശിച്ചു. ബറോസ് സെക്കൻഡ് ഷെഡ്യൂൾ ചിത്രീകരണത്തിനായി ഗോവയിൽ എത്തിയപ്പോഴാണ് ഗവർണർ ശ്രീധരൻ പിള്ളയെ രാജ് ഭവനിൽ എത്തി താരം കണ്ടത്. ത്രീഡി ചിത്രമായി ഒരുങ്ങുന്ന ബറോസിന്റെ നിർണായക രംഗങ്ങളാണ് ഗോവയിൽ ചിത്രീകരിക്കുന്നത്. ഗവർണറുടെ മുഖ്യാതിഥിയായാണ് മോഹൻലാൽ രാജ്ഭവനിൽ എത്തിയത്.
മോഹൻലാലിന് ഒപ്പം നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും സജി സോമനും ഗവർണറെ സന്ദർശിക്കാൻ എത്തിയപ്പോൾ ഉണ്ടായിരുന്നു. ബറോസിന്റെ ഷൂട്ടിംഗ് ഓർഡ് ഗോവയിലെ പള്ളിയിൽ വെച്ചായിരുന്നു നടന്നത്. അതിന് സമീപത്ത് ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് ആയിരുന്നു ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഷൂട്ടിങ്ങ് നടക്കുന്നുണ്ടെന്ന് അറിഞ്ഞ പി എസ് ശ്രീധരൻപിള്ള ലൊക്കേഷനിൽ എത്തുകയും രാജ് ഭവനിലേക്ക് ക്ഷണിക്കുകയുമായിരുന്നു. സന്ദർശനശേഷം മടങ്ങവേ മോഹൻലാലിന് ഗവർണർ ഒരു പെയിന്റിംഗും സമ്മാനിച്ചു.
നടനും മുൻ എം പിയുമായ ഇന്നസെന്റും കഴിഞ്ഞ ദിവസം രാജ് ഭവനിൽ എത്തി ഗവർണർ പി എസ് ശ്രീധരൻ പിള്ളയെ സന്ദർശിച്ചിരുന്നു. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ബറോസ് ത്രീഡിയിലാണ് ഒരുങ്ങുന്നത്. മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത്. ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി റിലീസ് ആകാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.