ഒമർ ലുലു ഒരുക്കിയ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന് പിന്നീട് കുമ്പളങ്ങി നൈറ്റ്സിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് മലയാളികളുടെ മനസ്സിൽ ചേക്കേറി ഇപ്പോൾ പ്രതി പൂവൻകോഴിയിൽ എത്തിനിൽക്കുകയാണ് ഗ്രേസ് ആന്റണി. വളർച്ചയുടെ പടവുകൾ കയറുമ്പോഴും തന്റെ അച്ഛൻ ഒരു കൂലിപ്പണിക്കാരനാണ് എന്ന് ഇന്നും ഗ്രേസ് ആന്റണി അന്തസ്സോടെ പറയുന്നു. തനിക്കൊരു അഭിനയത്രി ആകണം എന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹമെന്നും എന്നാൽ അന്നത് പറഞ്ഞപ്പോൾ എല്ലാവരും തന്നെ കളിയാക്കി എന്നും താരം പറയുന്നു.
അച്ഛൻ കൂലിപ്പണിക്കാരനാണ് എന്ന് താൻ പറഞ്ഞത് അന്തസ്സോടെ ആണെന്നും തനിക്ക് അതിൽ ഒരിക്കലും ഒരു കുറവും തോന്നിയിട്ടില്ലെന്നും താരം പങ്കുവയ്ക്കുന്നുണ്ട്. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ജീവിതത്തിൽ പല സ്ഥലങ്ങളിലും പണമില്ലാത്തതിന്റെ പേരിൽ തന്നെ മാറ്റി നിർത്തിയപ്പോൾ തന്റെ ഉള്ളിൽ ഉണ്ടായ തീയാണ് ഇന്ന് ഇവിടെയെത്തി നിൽക്കുന്നതിന് കാരണമെന്നും തന്റെ മനസ്സിലെ ആ തീ കൊളുത്തി തന്ന തന്നെ കളിയാക്കിയവർ ഇല്ലായിരുന്നെങ്കിൽ ഇന്ന് താനും ഉണ്ടാകുമായിരുന്നില്ല എന്നും താരം പങ്കുവയ്ക്കുന്നു. മോഹിനിയാട്ടവും ഭരതനാട്യവും കുച്ചിപ്പുടിയും നാടോടിനൃത്തവും പഠിച്ചിട്ടുള്ള ഗ്രേസ് സാമ്പത്തികം ഇല്ലാത്തതു കൊണ്ട് മാത്രം നൃത്തം ചെയ്യുന്നതിൽ നിന്ന് പിൻവാങ്ങിയ ഒരാളാണ്. നിഷ സുഭാഷ് എന്ന അദ്ധ്യാപിക, കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ ഉള്ള വിഷ്ണു എന്ന അധ്യാപകൻ എന്നിവർ നൽകിയ പിന്തുണയും സ്നേഹവുമാണ് തന്നെ ഇവിടെ വരെ എത്തിച്ചതിൽ നിർണ്ണായകമായ മറ്റൊന്ന് എന്നും ഗ്രേസ് പറയുന്നു.