പൃഥ്വിരാജ് ബിജുമേനോൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ അയ്യപ്പനും കോശിയും കണ്ടിറങ്ങിയവരെ ഏറെ ആകർഷിച്ച ഒരു കഥാപാത്രമാണ് കണ്ണമ്മ. കോശിയുടെ മുഖത്തടിച്ചതു പോലുള്ള കണ്ണമ്മയുടെ ഡയലോഗ് ഏറെ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. കനൽ, ലോഹം എന്നീ സിനിമകളിലൂടെ ശ്രദ്ധനേടിയ ഗൗരി നന്ദ കണ്ണമ്മയെന്ന കഥാപാത്രത്തെക്കുറിച്ചും അയ്യപ്പനും കോശിയും ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി മനസ്സ് തുറക്കുകയാണ് ഇപ്പോൾ. കോശിയെ ചൂണ്ടി ഈ ബൂർഷ്വാസിയെ നിങ്ങളെന്തിനാണ് സാറേ എന്ന് വിളിക്കുന്നത് എന്ന ആ സീനായിരുന്നു ഗൗരിയുടെ ആദ്യത്തെ സീൻ. തന്റെ ആദ്യത്തെ സീൻ തന്നെ സൂപ്പർസ്റ്റാറുകളോടൊപ്പം ആയിരുന്നു എന്നും അത് അല്പം ടെൻഷൻ ഉണ്ടാക്കി എന്നും താരം പറയുന്നു.
കോശിക്ക് മുന്നിൽ കണ്ണമ്മ മാസ് ഡയലോഗ് അടിച്ച് ചീത്തപറയുന്ന സീൻ ചെയ്തു കഴിഞ്ഞപ്പോൾ സെറ്റിലുള്ളവർ പോലും കളിയാക്കി ഇങ്ങനെ ചോദിച്ചു എന്ന് ഗൗരി പറയുന്നു. “എന്നാലും ഗൗരിയേച്ചി നിങ്ങൾ രാജുവേട്ടന്റെ മുഖത്തുനോക്കി ചീത്ത വിളിച്ചല്ലോ”. അപ്പോൾ താൻ പറഞ്ഞത് ഗൗരിക്ക് അങ്ങനെ വിളിക്കാനാവില്ല കണ്ണമ്മയാണ് അങ്ങനെ വിളിച്ചത് എന്നാണെന്നും താരം പറയുന്നു. തന്റെ മുൻപിൽ നിന്നത് പൃഥ്വിരാജ് ആല്ലായിരുന്നുവെന്നും കോശി ആയിരുന്നുവെന്നും ഗൗരി പറയുന്നു. അത് പൃഥ്വിരാജ് ആണ് എന്ന തോന്നൽ എപ്പോഴെങ്കിലും തന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ ആ സീൻ തനിക്ക് ചെയ്യാൻ പറ്റില്ലായിരുന്നു എന്നും താരം പറയുന്നുണ്ട്. തന്റെ ഓരോ സീൻ കഴിയുമ്പോഴും എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ രാജുവേട്ടൻ അത് പറഞ്ഞു തന്നിരുന്നു എന്നും ഗൗരി പറയുന്നു.