നടൻ സൈജു കുറുപ്പിന്റെ നൂറാം ചിത്രം എന്ന വിശേഷണവുമായാണ് ‘ഉപചാരപൂർവം ഗുണ്ടജയൻ’ എത്തുന്നത്. ഫെബ്രുവരി 25നാണ് ചിത്രത്തിന്റെ റിലീസ്. ചിത്രം റിലീസ് ആകാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾ ശ്രദ്ധ നേടുകയാണ്. കഴിഞ്ഞദിവസം കോളേജ് കാമ്പസിൽ ആയിരുന്നു ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി അണിയറപ്രവർത്തകർ എത്തിയത്. ‘ഗുണ്ട ഗുണ്ട ഗുണ്ട ജയൻ’ എന്ന ഹിറ്റ് ഗാനത്തിന് കോളേജ് വിദ്യാർത്ഥികൾക്ക് ഒപ്പം നൃത്തം ചെയ്യുന്ന സിജു വിൽസന്റെ വീഡിയോ കഴിഞ്ഞ ദിവസം ഹിറ്റ് ആയിരുന്നു.
ചിത്രത്തിന്റെ പുതിയ പ്രചാരണ പരിപാടി ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു റോഡ് ഷോ പോലെ, വാഹനങ്ങളിൽ നടന്നു ഈ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് അണിയറ പ്രവർത്തകർ. പണ്ടത്തെ മലയാള ചിത്രങ്ങൾ ഉപയോഗിച്ചിരുന്ന വാഹന അനൗൺസ്മെന്റ് എന്ന പ്രചാരണ പരിപാടി തിരിച്ചുകൊണ്ട് വരികയാണ്. ദുൽഖർ സൽമാൻ നിർമ്മിച്ച കുറുപ്പ് എന്ന ചിത്രത്തിനും സമാനമായ പ്രചാരണ പരിപാടികൾ നടന്നിരുന്നു. ദുൽഖർ ആണ് ഈ ചിത്രവും നിർമ്മിച്ചിരിക്കുന്നത്.
അരുൺ വൈഗയാണ് ചിത്രത്തിന്റെ സംവിധാനം. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അത് ശരിവെക്കുന്ന തരത്തിൽ ആയിരുന്നു ഇതിന്റെ ട്രയിലർ. ചിത്രത്തിലെ മനോഹരമായ ഗാനങ്ങൾ ഇപ്പോൾ തന്നെ സൂപ്പർ ഹിറ്റാണ്. അരുൺ വൈഗയുടെ കഥയ്ക്ക്, തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് വർമ്മയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു.