റിയാലിറ്റി ഷോയിലൂടെ കടന്ന് വന്ന് ഇന്ന് മലയാള സിനിമ ലോകത്ത് തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടനാണ് ഹരീഷ് കണാരൻ. മമ്മൂക്കയോടൊപ്പം ആദ്യമായി അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവം പങ്ക് വെച്ചിരിക്കുകയാണ് താരമിപ്പോൾ. അച്ഛാദിൻ, പുത്തൻപണം, സ്ട്രീറ്റ് ലൈറ്റ്സ്, ഗാനഗന്ധർവൻ, ഷൈലോക്ക് എന്നീ ചിത്രങ്ങളിലാണ് ഹരീഷ് മമ്മൂക്കക്കൊപ്പം അഭിനയിച്ചിട്ടുള്ളത്.
മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാര്‍ത്താണ്ഡന്‍ സര് സംവിധാനം ചെയ്ത അച്ഛാദിന്‍ ആയിരുന്നു. എനിക്ക് തമിഴ് ആണ് പറയേണ്ടിയിരുന്നത്. അത്ര വശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെന്‍ഷന്‍. തെറ്റിപ്പോകുമോ, തെറ്റിയാല്‍ മൂപ്പര് എന്തെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു.
ആദ്യ ദിവസം മമ്മൂക്കയെ കാണുകയാണ്. ഞാന്‍ സീനിന് റെഡിയായി മമ്മൂക്കയെ കാത്തുനില്‍ക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു. എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ട സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി.