കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് എതിരെ ചില ഇടത് അനുകൂലികൾ നടത്തുന്ന സൈബർ ആക്രമണത്തിന് എതിരെ നടൻ ഹരീഷ് പേരടി. ‘ദേവദൂതർ പാടി’ എന്ന ഗാനത്തിന്റെ പാരഡി ഗാനം പാടിയാണ് ഹരീഷ് പേരടി ‘കുഴി’ പരാമർശത്തിൽ വേദനിച്ചവരെ കളിയാക്കിയത്. പാട്ട് ഇങ്ങനെ, ‘അടിമക്കൂട്ടം പാടി, കടന്നൽക്കൂട്ടം പാടി, എന്നിട്ടും ഈ കുഴിയിൽ ചാടിയാടി സിനിമ കാണും മനുഷ്യർ’ വളരെ രസകരമായാണ് ഈ വരികൾ ആലപിച്ചിരിക്കുന്നത്. അതിനു ശേഷം ചിത്രത്തിന് ആശംസകൾ നേരാനും ഹരീഷ് പേരടി മറന്നില്ല. ‘ചാക്കോച്ചന്റെയും പൊതുവാളിന്റെയും ന്നാ താൻ കേസ് കൊട് എന്ന സിനിമ എല്ലാവരും കാണുക. ഈ സിനിമ കാണുക എന്ന് പറയുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാണ്. ഒരു സാംസ്കാരിക പ്രവർത്തനമാണ്. താങ്ക്യു’ – ഹരീഷ് പേരടി പറഞ്ഞു.
ഓഗസ്റ്റ് 11ന് ആയിരുന്നു ‘ന്നാ താൻ കേസ് കൊട്’ സിനിമ തിയറ്ററുകളിൽ റിലീസ് ആയത്. റിലീസിനോട് അനുബന്ധിച്ച് പത്രങ്ങളിൽ കൊടുത്ത പരസ്യത്തിൽ ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ’ എന്ന വാചകമാണ് ചില ഇടതുപക്ഷ അനുകൂലികളെ പ്രകോപിപ്പിച്ചത്. സിനിമയുടെ അണിയറപ്രവർത്തകർ മാപ്പു പറയാതെ സിനിമ കാണില്ലെന്ന് സോഷ്യൽമീഡിയയിൽ പ്രഖ്യാപിച്ച ഇവർ സിനിമ ബഹിഷ്കരണത്തിനും ആഹ്വാനം നൽകി. അതേസമയം, പരസ്യത്തെ പരസ്യമായി കാണണമെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞതോടെ പലരും പോസ്റ്റ് തിരുത്തി സിനിമ കാണുമെന്ന പ്രഖ്യാപനവുമായി രംഗത്തെത്തി.
സന്തോഷ് ടി കുരുവിള നിർമിക്കുന്ന ഈ ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർ നടൻ കുഞ്ചാക്കോ ബോബനാണ്. ചിത്രത്തിനു വേണ്ടി അണിയറ പ്രവർത്തകരും നിർമാണ കമ്പനിയും നടത്തിയത് ആറു മാസത്തോളം നീണ്ടുനിന്ന പ്രീ – പ്രൊഡക്ഷൻ ജോലികളാണ്. കാസർഗോഡ് പ്രദേശത്തെ ഗ്രാമങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ വൻ ഒരുക്കങ്ങളായിരുന്നു ഈ സിനിമയ്ക്കായി നടത്തിയത്. കാസ്റ്റിംഗ് കോളിലൂടെ ഈ പ്രദേശത്തു നിന്നു തന്നെയുള്ള നിരവധി കലാകാരൻമാരെ കണ്ടെത്തി. തുടർന്ന് അവരെ പരിശീലന കളരികളിലൂടെ തിരഞ്ഞെടുക്കുകയായിരുന്നു. അതിനു ശേഷം സിനിമയുടെ ഒരു ചെറുരൂപം ഈ കലാകാരൻമാരെ വെച്ച് മാത്രം യഥാർത്ഥ സിനിമയുടെ ചിത്രീകരണത്തിന് മുമ്പായി ഷൂട്ട് ചെയ്തു. ഫിനിഷിംഗ് സ്കൂളുകൾക്ക് സമാനമായ പ്രക്രിയയിലൂടെ കടന്നുവന്നവർ ഈ സിനിമയിൽ അവസരങ്ങൾ നേടുകയും ചെയ്തു.