സത്യൻ അന്തിക്കാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ സന്ദേശം ചിത്രത്തെ കുറിച്ചുളള ശ്യാം പുഷ്കരന്റെ അഭിപ്രായ പ്രകടനത്തിന് മറുപടിയുമായി പ്രശസ്ത നടൻ ഹരീഷ് പേരടി. ‘സന്ദേശം’ വലിയ സന്ദേശമുള്ള സിനിമയായി തോന്നുന്നില്ലെന്ന് ശ്യാം പുഷ്കരൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിനോടാണ് ഹരീഷ് പേരടിയുടെ മറുപടി. “ഒരു അജ്ഞാത ശവത്തെ എറ്റെടുത്ത് ഇവിടെ ഈ വർഷം ഒരു ഹർത്താൽ നടന്നത് ശ്യാം പുഷ്ക്കരൻ അറിഞ്ഞില്ലേ ?.അതാണ് സന്ദേശം സിനിമയുടെ രാഷ്ട്രീയം,” ഇതാണ് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ബിജെപി നടത്തിയ ഒരു ഹർത്താലിനെ ഉദാഹരിച്ചാണ് ഹരീഷ് പേരടി ഇക്കാര്യം കുറിച്ചത്. സന്ദേശം സിനിമ പറയുന്ന സന്ദേശത്തിൽ തനിക്ക് വിയോജിപ്പുണ്ടെന്നാണ് ശ്യാം പുഷ്കരൻ പറഞ്ഞത്. വിദ്യാർഥി രാഷ്ട്രീയത്തെ അനുകൂലിക്കുന്ന ആളാണ് താൻ. എന്നാൽ സന്ദേശം വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്നാണ് പറഞ്ഞ് വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേർ ഈ വിഷയത്തിൽ ശ്യാം പുഷ്കരനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.