പ്രിയദര്ശന് ചിത്രം ‘മരക്കാറി’ലെ മങ്ങാട്ടച്ഛന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടന് ഹരീഷ് പേരടിയായിരുന്നു. സിനിമയിലെ തന്റെ കഥാപാത്രത്തെ പ്രിയദര്ശന് അഭിനന്ദിച്ചെന്ന് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് റിലീസ് തീയതി പലതവണകളായി മാറ്റിവെച്ച സിനിമ റിലീസ് ചെയ്യുന്നത് ഓഗസ്റ്റ് 12നാണ്.
ഹരീഷ് പേരടിയുടെ കുറിപ്പ്
വിവിധ ഭാഷകളിലായി 90ല്‍ അധികം സിനിമകള്‍ സംവിധാനം ചെയ്ത ഇന്ത്യയിലെ ഈ വലിയ സംവിധായകന് ഈ ലോക്ക്ഡൗണ്‍ കാലത്ത് എന്നെ വിളിച്ചിരുന്നു…45 തവണ മരക്കാര്‍ എന്ന അദ്ദേഹത്തിന്റെ സ്വപ്നം ആവര്‍ത്തിച്ച് കണ്ടെന്നും, ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നുതന്റെ സിനിമാ ജീവിതത്തില്‍ ഇത്രയും ആത്മധൈര്യമുണ്ടായിരുന്ന സമയമെന്നും, ഇന്നെന്റെ ആത്മധൈര്യം അതിന്റെ ഇരട്ടിയിലാണെന്നും, പിന്നെ ഈ പാവപ്പെട്ടവന്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പര്‍ക്ക് വല്ലാതങ്ങ് ബോധിച്ചെന്നും, പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകളെന്നും എടുത്ത് പറഞ്ഞു…മകള്‍ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു…മതി..പ്രിയന് സാര്‍..1984-ല്‍ ഒന്നാം വര്‍ഷ പ്രിഡിഗ്രിക്കാരനായ ഞാന്‍ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രൂപാ ടിക്കറ്റിലിരുന്ന് ‘പൂച്ചക്കൊരുമുക്കുത്തി’ കണ്ട് ആര്‍മാദിക്കുമ്പോള്‍ എന്റെ സ്വപ്നത്തില്‍ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്…നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയില്‍ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങള്‍ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവന്‍ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാന്‍ സ്നേഹം മാത്രം…