നഷ്ടങ്ങൾ ഏറെ സംഭവിച്ചുകൊണ്ടിരിക്കുന്ന മലയാളസിനിമക്ക് നികത്താനാവാത്ത മറ്റൊരു നഷ്ടമായി തീർന്നിരിക്കുന്ന ഒന്നാണ് തിരക്കഥാകൃത്തും അഭിനേതാവും സംവിധായകനുമായ പി ബാലചന്ദ്രന്റെ വേർപാട്. ആ പ്രതിഭാധനന്റെ ഓര്‍മ്മകളെ ചേര്‍ത്തുപിടിക്കുകയാണ് മാധ്യമപ്രവര്ത്തകന് വിവേക് മുഴക്കുന്ന്. ബാലേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന ബാലചന്ദ്രന് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ച പുസ്തകത്തെ കുറിച്ചാണ് വിവേക് കുറിക്കുന്നത്.
ബാലേട്ടന് ആ പുസ്തകം ആദരമാകണം; പ്രസാധകരേ ഒരു നിമിഷം.. കൊവിഡ് കാലത്ത് പൊള്ളാച്ചിയിൽ ആയിരുന്നു ബാലേട്ടൻ. ഇടയ്ക്ക് വിളിക്കും. അഭിനയത്തെക്കുറിച്ച് അതിലളിതമായ ഒരു പുസ്തകം … അതായിരുന്നു ലക്ഷ്യം. എഴുതിക്കഴിഞ്ഞപ്പോൾ വിളിച്ചു – “നീയൊരു പ്രസാധകനെ കണ്ടെത്തെടാ ഉവ്വേ…” ശ്രീ. പ്രമോദ് രാമൻ വഴി ചില പ്രമുഖ പ്രസാധകരുമായി സംസാരിച്ചു. എല്ലാവരും റെഡിയാണ്, പക്ഷേ കോവിഡ് ! ഞാൻ കാര്യം ബാലേട്ടനെ അറിയിച്ചപ്പോൾ മറുപടി പതിവുപോലെ – മതിയെടാ. ഞാൻ ചാകത്തൊന്നുമില്ല !
ബാലേട്ടൻ മരിച്ചു … മകൻ ശ്രീകാന്തുമായി ഇടവിട്ട ദിവസങ്ങളിൽ സംസാരിച്ചിരുന്നു. ഒരു മടങ്ങിവരവിന്റെ സാധ്യത ഒരിക്കൽ പോലും ഉദിക്കാതിരുന്നിട്ടും അസ്തമയമായില്ലെന്ന് വെറുതെ ആശിച്ചു. കാറപകടത്തിൽ പരിക്കേറ്റ സമയത്ത് ബാലേട്ടൻ കാറുംപിടിച്ച് കാണാൻ വന്നിരുന്നു. – നീ സമാധാനമായിരിക്കെടാ ഊവേ …പഴയ ക്രൂരതയൊന്നും കാലനിപ്പോഴില്ല ! ….. ഉണ്ട്. ബാലേട്ടാ ! ‘പുനരധിവാസ’ത്തിൽ അച്ഛന്റെ വേഷം ചെയ്തത് ഒടുവിൽ ഉണ്ണികൃഷ്ണന് പകരക്കാരനായിട്ടായിരുന്നു. അതിനെകുറിച്ച് ഒരിക്കൽ ബാലേട്ടൻ പറഞ്ഞു – “കദളിപ്പഴം കിട്ടാത്തതിനാൽ പൂവൻപഴം കൊണ്ടൊരു പൂജ….!” കദളിപ്പഴമെന്ന് തിരിച്ചറിഞ്ഞവർ കാഴ്ചയിൽ കാർക്കശ്യം തോന്നിപ്പിച്ച പി.ബാലചന്ദ്രനെ ബാലേട്ടനെന്ന് വിളിച്ചു. പോയത് ബാലേട്ടനാണ്… പൂർത്തിയാക്കിയ എഴുത്ത് നമുക്ക് പുസ്തകമാക്കണം. പ്രസാധകർ വരിക തന്നെ ചെയ്യും. അതാവട്ടെ അദ്ദേഹത്തിനുള്ള സ്മാരകം….. വിവേക് മുഴക്കുന്ന്