സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രം ജനുവരി 25ന് തിയറ്ററുകളിലേക്ക് എത്തും. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ ട്രയിലർ എത്തിയതോടെ ആരാധകർ ആവേശത്തിലാണ്. ട്രയിലർ റിലീസ് ആയി ഒരു ദിവസം കൊണ്ട് നാല് മില്യണിലധികം വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്. അഡ്വാൻസ് ബുക്കിംഗിന്റെ ആദ്യ മണിക്കൂറുകളിൽ കേരളത്തിൽ നിന്ന് മാത്രം 40 ലക്ഷം നേടാൻ ചിത്രത്തിന് കഴിഞ്ഞു. വിദേശത്ത് നിന്ന് 66 ലക്ഷവും സ്വന്തമാക്കി. കഴിഞ്ഞദിവസം ആരംഭിച്ച അഡ്വാൻസ് ബുക്കിംഗ് ജനുവരി 25 ആകുമ്പോഴേക്കും കോടികൾ മറികടക്കുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ബുക്കിംഗിന്റെ ആദ്യഘട്ടത്തിൽ ആകെ 1.06 കോടി രൂപയാണ് മലൈക്കോട്ടൈ വാലിബൻ നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഒരു തെന്നിന്ത്യൻ സിനിമയുടെ ഏറ്റവും വലിയ റിലീസ് ആയിരിക്കും കാനഡയിൽ. ഏകദേശം അമ്പതിലധികം കേന്ദ്രങ്ങളിലാണ് വാലിബൻ റിലീസ് ചെയ്യുക. ജനുവരി 24നാണ് കാനഡയിൽ ചിത്രത്തിന്റെ പ്രീമിയർ. മോഹൻലാല്‍ നായകനായി എത്തുന്ന വാലിബൻ കളക്ഷനില്‍ റെക്കോര്‍ഡുകള്‍ തീര്‍ക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷയും.
ഛായാഗ്രഹണം മധു നീലകണ്ഠനും സംഗീതം പ്രശാന്ത് പിള്ളയുമാണ്. 2024 ജനുവരി 25ന് ചിത്രം തിയറ്ററുകളിൽ എത്തും.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. 130 ദിവസങ്ങളിലായി രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായാണ് വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ പി എസ് റഫീക്ക് ആണ്. ഇന്ത്യയ്ക്ക് പുറത്തും മികച്ച റിലീസ് ആണ് ചിത്രത്തിന്. റെക്കോര്‍ഡ് റിലീസ് ആണ് ചിത്രത്തിന് യൂറോപ്പില്‍ ലഭിക്കുക. അര്‍മേനിയ, ബെല്‍ജിയം, ചെക്ക് റിപബ്ലിക്, ഡെന്മാര്ക്, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ജോര്‍ജിയ, ഹംഗറി തുടങ്ങി 35 ല്‍ അധികം യൂറോപ്യന്‍ രാജ്യങ്ങളില്‍ വാലിബന് എത്തും. യുകെയില്‍ 175 ല്‍ അധികം സ്ക്രീനുകളാണ് ചിത്രം റിലീസ് ചെയ്യപ്പെടുക.