നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം പടവെട്ടിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. നിവിൻ പോളി തന്നെയാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. ഒരു സംഘട്ടനത്തിനിടയിൽ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള നിവിന്‍ പോളിയുടെ ലുക്ക് ആണ് പോസ്റ്ററില്‍. ദേഹമാകെ ചെളിയിൽ പൊതിഞ്ഞാണ് കഥാപാത്രത്തിന്റെ നില്‍പ്പ്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ അതിഥി ബാലനാണ് നായിക. പൊളിറ്റിക്കൽ ഡ്രാമയാണ് ചിത്രം. 2022ൽ ചിത്രം പ്രദർശനത്തിനെത്തും. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് ഇത്
‘സംഘര്‍ഷം… പോരാട്ടം… അതിജീവനം… മനുഷ്യരുള്ളിടത്തോളം കാലം പടവെട്ട് തുടര്‍ന്ന് കൊണ്ടേയിരിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പടവെട്ടിന്റ കഥ തന്നെ വളരെയധികം സ്വാധീനിച്ച ഒന്നാണെന്നാണ് നിവിൻ പോളി ചിത്രത്തെക്കുറിച്ച് നേരത്തെ പറഞ്ഞത്. രണ്ടാമതും ലഭിക്കുന്ന അവസരങ്ങളുടെയും തെറ്റിനെതിരെ നിൽക്കാനുള്ള മനോബലം ഉണ്ടാക്കുന്നതിന്റെയും കഥയാണിത്. കഥയുടെ ഗതിയും കഥാപാത്രങ്ങളുടെ മനോഹരമായ ചിത്രീകരണവും പ്രേക്ഷക മനസ്സിൽ സ്വീകാര്യത നേടുമെന്ന് ശക്തമായി താൻ വിശ്വസിക്കുന്നുണ്ടെന്നും ചിത്രത്തെക്കുറിച്ച് നിവിൻ അഭിപ്രായപ്പെട്ടിരുന്നു.
നിവിൻ പോളിയുടെ റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു ചിത്രം ‘കനകം കാമിനി കലഹം’ ആണ്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ചിത്രം സംവിധാനം ചെയ്ത രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ‘കനകം കാമിനി കലഹം’ സംവിധാനം ചെയ്യുന്നത്. സുധീഷ്, ജാഫർ ഇടുക്കി, ജോയ് മാത്യു, ഗ്രേസ് ആന്റണി, വിനയ് ഫോർട്ട് തുടങ്ങി വലിയ താരനിര തന്നെ നിവിനൊപ്പം ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.