തെന്നിന്ത്യൻ സിനിമ ആസ്വാദകർ നിറഞ്ഞ കൈയടിയോടെ സ്വീകരിച്ച ചിത്രമായിരുന്നു അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ. കോവിഡ് കാലത്ത് ഇറങ്ങിയിട്ടും തിയറ്ററുകളിൽ വൻ സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. രണ്ട് ഭാഗങ്ങളായുള്ള ചിത്രത്തിന്റെ ആദ്യഭാഗമായിരുന്നു റിലീസ് ചെയ്തത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതേസമയം, തെന്നിന്ത്യൻ ചിത്രം ബോളിവുഡ് കീഴടക്കിയതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ബോക്സ് ഓഫീസിൽ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പുതിയ കണക്കുകൾ അനുസരിച്ച് പുഷ്പയുടെ ഹിന്ദി പതിപ്പ് ഇന്ത്യൻ ബോക്സ് ഓഫീസിൽ 100 കോടി സ്വന്തമാക്കി എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് പുഷ്പ ഹിന്ദി പതിപ്പ് 100 കോടി സ്വന്തമാക്കിയെന്ന റിപ്പോർട്ട് പുറത്തുവിട്ടത്. അല്ലു അർജുൻ എന്ന താരത്തിന്റെ വിജയമാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ലോകവ്യാപകമായി ചിത്രം തിയറ്ററിൽ റിലീസ് ചെയ്തത് കഴിഞ്ഞവർഷം ഡിസംബർ 17ന് ആയിരുന്നു. തെലുങ്ക് കൂടാതെ കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. തിയറ്ററിൽ മികച്ച പ്രേക്ഷകപ്രതികരണം സ്വന്തമാക്കിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രമായാണ് അല്ലു അർജുൻ ചിത്രത്തിൽ എത്തുന്നത്.
#PushpaHindi crosses the ₹ 100 Cr NBOC Mark in #India
A remarkable achievement by Icon Star @alluarjun and Team..
— Ramesh Bala (@rameshlaus) January 31, 2022