ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്ടിച്ച തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ യുവാക്കളുടെ ഇടയിൽ സൂപ്പർ താരമായി മാറിയ വ്യക്തിയായിരുന്നു ബാബു ആന്റണി. പിന്നീട് വില്ലൻ വേഷത്തിലും തിളങ്ങിയ ബാബു ആന്റണി ഒരിടവേളക്ക് ശേഷം പ്രശസ്ത സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിൽ ബാബു ആന്റണിക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും എത്തുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ബാബു ആന്റണി തന്നെയാണ് ഈ കാര്യം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ്:
പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ് സൂപ്പർ താരം ലൂയിസ് മാൻഡിലോർ ഉണ്ടായിരിക്കും.പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ് ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട് ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു.
കൂട്ടത്തിൽ സുഹൃത്തായ ലൂയിസ് മാൻഡിലോറിനോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച് ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, പവർ സ്റ്റാർ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി ലൂയിസ് മാൻഡിലോറും ഉണ്ടാകും.!!