പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്. ചിത്രത്തിലെ പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റായി കഴിഞ്ഞു.
ചിത്രത്തിലെ അഞ്ച് ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ബാക്കി ഗാനങ്ങളും ഉടൻ പുറത്തിറങ്ങുമെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ അറിയിച്ചിരിക്കുകയാണ്. മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. ഹെഷം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. ദർശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഹൃദയത്തിലെ 15-ൽ 5 ഗാനങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയിരിക്കുന്നത്. റിലീസ് തീയതി അടുത്തിരിക്കുന്നതിനാൽ മുഴുവൻ ഓഡിയോ ആൽബവും റിലീസ് ചെയ്യാൻ സമയമായിരിക്കുന്നു. ഹൃദയത്തിന്റെ ഓഡിയോ കാസറ്റിൽ ഓരോ ട്രാക്കും ഫീച്ചർ ചെയ്യുന്ന കൃത്യമായ ക്രമത്തിൽ ഗാനങ്ങൾ ആദ്യം സൈഡ് എ, പിന്നെ സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ജൂക്ക്ബോക്സിന്റെ സൈഡ് എ ജനുവരി 14 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് ഓൺലൈനിൽ റിലീസ് ചെയ്യുമെന്ന് സന്തോഷത്തോടെ അറിയിക്കുന്നു. നിങ്ങൾ ഇതിനകം കേട്ടിട്ടുള്ള ചില പാട്ടുകളും, ഒരു കൂട്ടം പുതിയ പാട്ടുകളും ഉണ്ട്! പുതിയ പാട്ടുകൾക്കായി കാത്തിരിക്കുക, ഈ കാത്തിരിപ്പ് വെറുതെയാവില്ല എന്ന് ഞങ്ങൾ വാക്ക് തരുന്നു. കാസറ്റിനും സി.ഡിക്കും വേണ്ടി കാത്തിരിക്കുന്ന ആളുകൾക്ക് ഉടനെ തന്നെ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതാണ്. ഞങ്ങളോട് സഹകരിച്ച എല്ലാവർക്കും നന്ദി.