പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വെച്ച് നടന്നു. ലാലേട്ടനാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയത്. പതിനഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ചടങ്ങിൽ പഴയ ഓർമകളെ വീണ്ടും ഉണർത്തി ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ കാസറ്റും പുറത്തിറങ്ങി. ലാലേട്ടന് പുറമേ ആന്റണി പെരുമ്പാവൂരും ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസനും നായിക ദർശന രാജേന്ദ്രനും സംഗീത സംവിധായകൻ ഹിഷാം അബ്ദുൾ വഹാബും നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യവുമടക്കമുള്ള നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു. ഷൂട്ടിങ്ങ് തിരക്കുകൾ ഉള്ളതിനാൽ കല്യാണി പ്രിയദർശന് പങ്കെടുക്കുവാൻ സാധിച്ചില്ല.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരപുത്രൻമാരാൽ സമ്പന്നമായ സിനിമയാണ് ഹൃദയം. മലയാളികളുടെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – പ്രിയദർശൻ – ശ്രീനിവാസൻ സംഘം. ഇപ്പോഴിതാ അടുത്ത തലമുറയും ഒരുമിച്ചെത്തിയിരിക്കുകയാണ്. ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ, പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ എന്നിവർ ഒന്നിച്ചെത്തുന്ന സിനിമയാണ് ഹൃദയം. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ സിനിമാപ്രേമികൾ ഈ സിനിമയുടെ ഓരോ പുതിയ വിശേങ്ങൾക്കുമായി കാത്തിരിക്കുകയാണ്.
മെരിലാൻഡ് സിനിമാസ് നിർമിക്കുന്ന സിനിമയുടെ കഥയും സംവിധാനവും വിനീത് ശ്രീനിവാസൻ ആണ്. ഹെഷം അബ്ദുൾ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. ദർശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൃദയത്തിന്റെ ഓഡിയോ കാസറ്റിൽ ഓരോ ട്രാക്കും ഫീച്ചർ ചെയ്യുന്ന കൃത്യമായ ക്രമത്തിൽ ഗാനങ്ങൾ ആദ്യം സൈഡ് എ, പിന്നെ സൈഡ് ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ കർശനമാകാതിരുന്നാൽ ഈ വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ എത്തും. നാളെ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങും.