നടന് മോഹന്‍ലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനമാണിന്ന്. അതിന്റെ ഭാഗമായി പ്രണവ് നായകനായി എത്തുന്ന പുതിയ ചിത്രമായ ഹൃദയത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
പുറത്തു വിട്ടിരിക്കുകയാണ് ഹൃദയം ടീം. വിനീത് ശ്രീനിവാസന് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇപ്പോള്‍ പോസ്റ്റ്- പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഒരു ക്യാമറയുമായി നില്ക്കുന്ന പ്രണവിന്റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്.
പ്രണവിന്റെ ഈ ലുക്ക് ചിത്രം എന്ന ക്ലാസിക് സിനിമയിലെ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നുവെന്ന് ആരാധകരും സിനിമാ പ്രേമികളും പറയുന്നുണ്ട്. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബും ക്യാമറ ചലിപ്പിക്കുന്നത് വിശ്വജിത്തുമാണ്. രഞ്ജന്‍ എബ്രഹാം എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ഒക്ടോബര്‍ റിലീസ് ആയി എത്തിയേക്കും.
കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതല്‍ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന.