പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിക്കുന്ന ഹൃദയത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. സംവിധായകൻ വിനീത് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ‘ഹൃദയം ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകുന്നേരം 6 മണിക്ക്. സംവിധായകൻ എന്ന നിലയിൽ അഞ്ചാമത്തെ സിനിമ. ഒരുപാടു കാരണങ്ങൾ കൊണ്ട്, ഹൃദയത്തോടു ചേർന്ന് നിൽക്കുന്ന സിനിമ…’ എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചത്.
മേരിലാണ്ട് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. നാൽപത് വർഷങ്ങൾക്ക് ശേഷം മേരിലാണ്ട് സിനിമാസ് സ്വതന്ത്രമായി നിർമിക്കുന്ന ചിത്രം കൂടിയായി മാറുകയാണ് ഹൃദയം. വിനീത് ശ്രീനിവാസൻ നിർമിച്ച സൂപ്പർ ഹിറ്റ് ചിത്രം ഹെലനിലെ നായകനും തിരക്കഥാകൃത്തുമായ നോബിൾ ബാബു തോമസ് ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ്.