പ്രേക്ഷകരുടെ മികച്ച അഭിപ്രായം സ്വന്തമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരുവട്ടം കണ്ടു കഴിയുമ്പോൾ ഒന്നുകൂടി കാണാൻ തോന്നുന്നുവെന്നാണ് പലരും പറയുന്നത്. ഇങ്ങനെ രണ്ടാമതും സിനിമയ്ക്ക് ടിക്കറ്റ് എടുത്ത ഒരാളുടെ കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘ചേട്ടാ ഒരുമാതിരി കോപ്പിലെ പടം എടുത്തുവെച്ച് ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാൻ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുവാണോ? ഇന്ന് രണ്ടാം തവണ.. ഹൃദയം’ എന്നായിരുന്നു ഒരു പ്രേക്ഷകൻ കമന്റ് ബോക്സിൽ കുറിച്ചത്. ഒപ്പം ഹൃദയം സിനിമ കാണുന്നതിനു വേണ്ടി എടുത്ത രണ്ടാത്തെ ടിക്കറ്റ് പങ്കുവെക്കകയും ചെയ്തു. ഹൃദയം ഹൃദയത്തിലേറ്റിയ പ്രേക്ഷകന്റെ കമന്റിന് മറുപടി ഇമോജിയിലാണ് വിനീത് ശ്രീനിവാസൻ നൽകിയത്. കൂപ്പുകൈയുടെയും ചിരിയുടെയും ഇമോജിയാണ് വിനീത് മറുപടിയായി നൽകിയത്. പ്രേക്ഷകന്റെ കമന്റിനും സംവിധായകന്റെ മറുപടിക്കും ആയിരത്തിലധികം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കിടയിലും ജനുവരി 21ന് ആയിരുന്നു ഹൃദയം തിയറ്ററുകളിൽ റിലീസ് ചെയ്തത്. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.