താരപുത്രനും പുത്രിയും നായിക നായകന്മാരായി വന്‍ താര നിരയില്‍ അണിയറയില്‍ ഒരുങ്ങുന്ന ചിത്രം ഹൃദയത്തിന്റെ ഫസ്ട് ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. മലയാള സിനിമയുടെ പ്രിയപ്പെട്ട നടനും ഗായകനും
സംവിധായകനുമായ വിനീത് ശ്രീനിവാസന് പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന പുതിയ ചിത്രം ഹൃദയത്തിന്റെ ഫസ്ട് ലുക്കാണ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
പുല്മേട്ടില് പ്രണയാര്‍ദ്രമായി കിടക്കുന്ന പ്രണവിനെയും കല്യാണി പ്രിയദര്‍ശനേയും ദര്‍ശനയേയും പോസ്റ്ററില്‍ കാണാം. മലയാളത്തില്‍ മോഹന്‍ലാല്‍ അടക്കം നിരവധി താരങ്ങള്‍ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്. അന്യ ഭാഷയിലെ പ്രമുഖരും സന്തോഷവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു കഴിഞ്ഞു.
പ്രണവ്, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസന് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. വിശാഖ് സുബ്രമണ്യമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.മെറിലാന്റ് സിനിമാസ് നീണ്ട ഒരിടവേളയ്ക്ക് ശേഷം നിര്‍മ്മാണ രംഗത്ത് തിരിച്ചെത്തുന്നു എന്ന പ്രത്യകതയും ഈ ചിത്രത്തിനുണ്ട്. ഒരാളുടെ ജീവിതത്തിലൂടെയുള്ള യാത്രയെയാണ് ചിത്രത്തിന്റെ പ്രമേയമാക്കിയിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയപ്പെട്ട നടന് മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, മരക്കാര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ചെയ്യുന്ന ചിത്രം കൂടിയാണ് ഹൃദയം. ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന് പൃഥ്വിരാജ് സുകുമാരന്‍ ഗാനമാലപിക്കുന്നുമുണ്ട്.