മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മലയാളത്തിലെ എക്കാലത്തേയും വമ്പൻ ചിത്രം ഡിസംബർ രണ്ടിന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്. ആരാധകരും പ്രേക്ഷകരും സിനിമാലോകവും എല്ലാം തന്നെ വൻ ആവേശത്തിലാണ്. ആ ആവേശങ്ങൾക്ക് കൂടുതൽ ഊർജം പകർന്ന് ചിത്രത്തിന്റെ ആദ്യ ടീസർ ഇന്നലെ പുറത്തിറങ്ങിയിരുന്നു.
പലയിടത്തും മരക്കാർ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. എന്നും അത്ഭുതപ്പെടുത്തുന്ന കാഴ്ചകൾ സമ്മാനിക്കുന്ന തൃശ്ശൂർക്കാരുടെ ചങ്കിടിപ്പായ രാഗം തീയറ്ററിൽ നിന്നുമുള്ള ബുക്കിങ്ങ് തിരക്ക് വീണ്ടും ആവേശം കൊള്ളിക്കുകയാണ്. റിലീസ് ദിവസം കാണുന്ന ജനത്തിരക്കാണ് മരക്കാറിന്റെ റിസർവേഷനായി രാഗത്തിൽ കാണാൻ സാധിക്കുന്നത്. റെക്കോർഡുകൾ തകിടം മറിച്ച് പുതുചരിത്രം രചിക്കുവാൻ തന്നെയാണ് മരക്കാറിന്റെ വരവെന്ന് സാരം. കാത്തിരിക്കാം ഇന്നോളം കണ്ടിട്ടില്ലാത്ത ദൃശ്യവിസ്മയത്തിന് സ്ത്രീകളടക്കമുള്ള പ്രേക്ഷകരാണ് ഇടിച്ചുകയറുന്നത്. ആദ്യദിവസത്തെ ടിക്കറ്റുകൾ എല്ലാം തന്നെ ബുക്കിങ്ങ് തുടങ്ങി നിമിഷങ്ങൾക്കകം വിറ്റഴിഞ്ഞു. രണ്ടും മൂന്നും ദിവസങ്ങളിലേക്കുള്ള ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയുകയാണ്.
പ്രിയദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമിച്ചിരിക്കുന്നത്. എൺപതു കോടിയോളം രൂപ ചെലവിട്ടു അഞ്ചു ഭാഷകളിൽ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ, മൂന്നു ദേശീയ അവാർഡുകളും മൂന്നു സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം അര്ജുന്, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്ശന്, കീര്‍ത്തി സുരേഷ് എന്നിവരും മരക്കാറിലുണ്ട്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുനാവുക്കരശ് ആണ് മരക്കാറിന്റെ ക്യാമറ.