സ്വപ്രയത്നം കൊണ്ട് ബോളിവുഡിൽ തന്റെ സ്ഥാനം നേടിയെടുത്ത വിവേക് ഒബ്റോയ് ലാലേട്ടൻ – പൃഥ്വിരാജ് കോമ്പൊയിൽ ഒരുങ്ങുന്ന ലൂസിഫറിലൂടെ മലയാളത്തിൽ അദ്ദേഹത്തിന്റെ അരങ്ങേറ്റം കുറിക്കുകയാണ്. മോഹൻലാൽ ഒരു പ്രധാന കഥാപാത്രം ചെയ്ത റാം ഗോപാൽ ചിത്രം കമ്പനിയിലൂടെയാണ് വിവേക് ഒബ്റോയ് തന്റെ കരിയറിന് തുടക്കമിട്ടത്. മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടറിൽ വിവേക് ഒബ്റോയിയുടെ ജീവിതകഥ അതിലെ നായകൻറെ ജീവിതത്തിൽ ഒരു വഴിത്തിരിവാകുവാൻ സഹായിക്കുന്നുണ്ട്.
“കഴിഞ്ഞ 18 വർഷമായി ശബരിമലയിൽ ദർശനത്തിന് വരുന്നൊരു വ്യക്തിയാണ് ഞാൻ. മലയാളത്തിൽ നിന്നും നിരവധി ഓഫറുകളും എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ അപ്പോഴെല്ലാം ഞാൻ അവരോടു എന്റെ ആദ്യചിത്രം ലാലേട്ടനൊപ്പം ആയിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. മോഹൻലാൽ, മഞ്ജു വാര്യർ, ടോവിനോ തുടങ്ങിയവർ അഭിനയിക്കുന്ന പൃഥ്വിരാജിന്റെ ആദ്യ സംവിധാനസംരഭം ലൂസിഫറിലേക്ക് എനിക്ക് ഒരു റോൾ ഓഫർ ചെയ്തത് പൃഥ്വിരാജ് തന്നെയാണ്. മോഹൻലാലിന് എതിർ നിൽക്കുന്ന ആ കഥാപാത്രത്തെ ഞാൻ തന്നെ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞു. അപ്പോൾ ഞാൻ മുംബൈയിലും പൃഥ്വിരാജ് മണാലിയിലും ആയിരുന്നു. പരസ്പരം ഒന്ന് നേരിട്ട് കാണാൻ കഴിയാത്ത അവസ്ഥ. ഒരു ദിവസം പൃഥ്വിരാജ് എന്നെ ഫോണിൽ വിളിച്ച് തിരക്കഥ മുഴുവൻ പറഞ്ഞുകേൾപ്പിച്ചു. അത്തരത്തിൽ ഒരു കഥാപാത്രം ബോളിവുഡിൽ എനിക്ക് ലഭിക്കില്ലെന്ന് ഉറപ്പായിരുന്നു. അപ്പോൾ തന്നെ ആ വേഷം ഞാൻ ചെയ്യാമെന്ന് ഉറപ്പ് കൊടുത്തു. മലയാള സിനിമ മറ്റുള്ള ഇൻഡസ്ട്രികളിൽ നിന്നും ഏറെ മുന്നിലാണ്. ഇവിടെയുള്ള കഥകൾ, കഥാപാത്രങ്ങൾ, ക്രാഫ്റ്റ്സ്മാൻഷിപ്പ് ഇതൊന്നും വേറെ ഒരിടത്തും കാണാൻ കഴിയില്ല. അതിന് ശേഷം ആന്റണി പെരുമ്പാവൂരിനോടും ലാലേട്ടനോടും ഞാൻ സംസാരിക്കുകയും ഈ റോൾ ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.”
ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഇന്റർവ്യൂവിൽ വിവേക് ഒബ്റോയ് പറഞ്ഞു. ആദ്യ ചിത്രമായ കമ്പനിയാണോ ലാലേട്ടന്റെ കൂടെ തന്നെ ആദ്യചിത്രം ചെയ്യണമെന്ന തീരുമാനത്തിന് പിന്നിൽ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു.
“അതെ. ഒന്നാമതായി അതൊരു ഇമോഷണൽ ബന്ധമാണ്. രണ്ടാമത്, ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന് ഒപ്പം വീണ്ടും അഭിനയിക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. ഞങ്ങൾ തമ്മിൽ ഇപ്പോൾ നല്ലൊരു സൗഹൃദം നിലനിൽക്കുന്നുണ്ട്. ഞാൻ കേരളത്തിൽ വരുമ്പോഴെല്ലാം അദ്ദേഹത്തെ കാണാറുണ്ട്. ഒരിക്കൽ കമ്പനി സിനിമയുടെ ലൊക്കേഷനിൽ വെച്ച് എന്നോട് എല്ലാ കൊല്ലവും ശബരിമലയിൽ വരാറുണ്ടല്ലേ എന്ന് എന്നോട് അദ്ദേഹം ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞ എന്നോട് അടുത്ത തവണ വരുമ്പോൾ എന്റെ കാര്യങ്ങൾ അദ്ദേഹം ഓർഗനൈസ് ചെയ്തോളാമെന്ന് പറഞ്ഞു. അതിന് ശേഷം ഇന്ന് വരെ ശബരിമലക്കുള്ള ഏല്ലാ യാത്രകൾക്കും ലാലേട്ടൻ തന്നെയാണ് സഹായിക്കുന്നത്.”