മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ നാളുകളായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ബിലാൽ. തിയേറ്ററുകളിൽ പരാജയമായിരുന്നു എങ്കിലും സിനിമാപ്രേമികളുടെ ഉള്ളിൽ സ്ഥാനം നേടി എടുത്ത ചിത്രമായിരുന്നു ബിഗ് ബി. അമൽ നീരദ് എന്ന സംവിധായകനെ മലയാളസിനിമയ്ക്ക് സമ്മാനിച്ചതും ഈ ചിത്രം തന്നെ . കാലമെത്രകഴിഞ്ഞാലും ബിഗ് ബി എന്ന സിനിമയും സിനിമയിലെ സംഭാഷണങ്ങളും മലയാള സിനിമ ഉള്ളിടത്തോളം കാലം മലയാളികൾ ഉള്ളിടത്തോളം കാലം നാം ആവർത്തിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ടുതന്നെയാണ് ബിലാൽ എന്ന ചിത്രത്തിനുവേണ്ടി കാത്തിരിക്കാനുള്ള കാരണത്തിൽ ഒന്നും.
ഇതിനിടെ ബിലാലിനെ കുറിച്ച് വളരെ ആവേശകരമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത് . കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റിനായി ഗോപിസുന്ദർ ഫേസ്ബുക്ക് ലൈവിൽ എത്തിയിരുന്നു.ലൈവിനിടെ ഒരു ആരാധകൻ ബിലാൽ പൊളിക്കണം എന്ന് പറഞ്ഞപ്പോൾ ബിലാൽ ഉറപ്പായും പൊളിക്കുമെന്ന് ഗോപി സുന്ദർ വാഗ്ദാനം ചെയ്തു.”ബിലാൽ പൊളിച്ച് പണ്ടാരമടക്കും. മലയാളിയായി മുണ്ടുടുത്താണ് പറയുന്നത്. ഈ മുണ്ടാണെ സത്യം” താൻ ഉടുത്തിരിക്കുന്ന മുണ്ട് ചൂണ്ടിക്കാണിച്ച് ഗോപിസുന്ദർ പറഞ്ഞു. ഗോപി സുന്ദറിന്റെ ഈ വാക്കുകൾ ഏറെ ആവേശത്തോടെ കൂടിയാണ് മലയാള സിനിമ പ്രേമികളും മമ്മൂക്ക ആരാധകരും സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ ഇഷ്ട താരത്തിനെ ഏറ്റവും വലിയ ആവേശത്തോടുകൂടി സ്ക്രീനിൽ കാണുവാൻ സാധിക്കുമ്പോൾ അതിനോടൊപ്പം ഒരു ഇടിവെട്ട് ബിജിഎം കൂടി ഗോപിസുന്ദർ ഒരുക്കുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൻറെ ഷൂട്ടിംഗ് ഉടൻ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.