വിജയും അറ്റ്ലീയും വീണ്ടു ഒന്നിക്കുന്ന മെഗാമാസ്സ് സ്പോർട്സ് മൂവിയാണ് ‘ബിഗിൽ’. തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഇവർ ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസമായ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഐ എം വിജയൻ വിജയ്യോടൊപ്പം ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇപ്പോൾ വിജയ്ക്ക് ഒപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങൾ പങ്ക് വെക്കുകയാണ് വിജയൻ. വിജയ് ചിത്രത്തിലേക്ക് ക്ഷണം വന്നപ്പോൾ തന്നെ ആവേശഭരിതനായി താനെന്നും ഫുട്ബോൾ കളിയുടെ പശ്ചാത്തലത്തിൽ പറയുന്ന കഥ കൂടി ആയപ്പോൾ ആവേശം ഇരട്ടി ആയെന്നും അദ്ദേഹം പറയുന്നു.
കടുത്ത ഒരു വിജയ് ആരാധകൻ ആണ് താനെന്നും വിജയ് എന്ന കലാകാരന്റെ മഹത്വം അദ്ദേഹം പുലർത്തുന്ന എളിമ ആണെന്നും ആക്ഷൻ രംഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോൾ സ്റ്റൈൽ മന്നൻ എന്നു തന്നെ അദ്ദേഹത്തെ വിളിക്കാൻ തോന്നും എന്നും ഐ എം വിജയൻ പറഞ്ഞു.ആദ്യമായി അദ്ദേഹത്തിന്റെ മുന്നിൽ എത്തിയപ്പോൾ താൻ അക്ഷരാർത്ഥത്തിൽ വിറക്കുകയായിരുന്നു എന്നും എന്നാൽ അദ്ദേഹം ഇങ്ങോട്ട് വന്നു തനിക്കു ഹസ്തദാനം തന്നു കൊണ്ട്, ഈ ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചതിനു തന്നോട് നന്ദി പറയുകയാണ് ഉണ്ടായത് എന്നും അദ്ദേഹം കൂട്ടച്ചേർത്തു.