1998 ൽ പൊട്ടി ചിരിയുടെ മാലപ്പടക്കം തീർത്ത ചിത്രമാണ് പഞ്ചാബി ഹൗസ്. ചിത്രത്തിലെ ഗാനങ്ങളും ചില ഡയലോഗുകളും ഇന്നും മലയാളിയുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. ചിത്രത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു രംഗമായിരുന്നു ദിലീപും ഹരിശ്രീ അശോകനും ഇന്ദ്രൻസും ഒരുമിച്ച് കിണറ്റിൻ കരയിൽ ഇരുന്ന് പല്ലുതേച്ച് തലേദിവസത്തെ സ്വപ്നത്തെ പറ്റി ചർച്ച ചെയ്യുന്ന ആ രംഗം. ആ രംഗത്തിലെ “അതായത് ഉത്തമ…” എന്ന ഡയലോഗിന് ഇന്നും ആരാധകർ ഏറെയാണ്. ആ ഡയലോഗ് ചിത്രത്തിൽ നിന്നും നീക്കം ചെയ്യുവാൻ ആലോചിച്ചതായിരുന്നു എന്നും അതിനെ തടുത്തത് ഹരിശ്രീ അശോകൻ ആണെന്നും തുറന്നുപറയുകയാണ് ഇന്ദ്രൻസ്.
ചിത്രീകരണസമയത്ത് അതിലെ ഓരോ ഡയലോഗും വായിച്ച് സംവിധായകൻ തന്നെ ചിരിച്ച് ആസ്വദിച്ചിരുന്നുവെന്നും നീളം കൂടുതൽ ആകുമ്പോൾ എന്ത് കളയണം എന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യമാണെന്നും ഇന്ദ്രൻസ് പറയുന്നു. അങ്ങനെ നീളം കൂടി വന്നപ്പോൾ കിണറ്റിൻകരയിലെ സീൻ ഒഴിവാക്കുകയായിരുന്നു. അപ്പോൾ ഹരിശ്രീ അശോകൻ അവരുടെ അടുത്ത് പോയി സംസാരിച്ച് അത് തിരികെ കയറ്റി. കേരളകൗമുദിയുമായുള്ള അഭിമുഖത്തിലാണ് ഇന്ദ്രൻസ് ഇക്കാര്യം വെളിപ്പെടുത്തിയത്.