സുകുമാരനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് മകനും നടനുമായ ഇന്ദ്രജിത്ത്. അച്ഛൻ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ തനിക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും പഠിക്കാൻ കഴിഞ്ഞേനെയെന്ന് ഇന്ദ്രജിത്ത് പറയുന്നു.യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താൻ അച്ഛനും അമ്മയ്ക്കും അനിയൻ പൃഥ്വിരാജിനുമൊപ്പം കുഞ്ഞുനാളിൽ പോയ ഒരു യാത്ര ഇപ്പോഴും മനസ്സിലുണ്ടെന്ന് പറയുന്നു ഇന്ദ്രജിത്ത്. മലയാളികൾ വില്ലനായും നായകനായും സഹനടനായും വെള്ളിത്തിരയിൽ കണ്ട് ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്ത സുകുമാരന്റെ വ്യത്യസ്തമായ ഒരു മുഖം പരിചയപ്പെടുത്തുകയാണ് ഇന്ദ്രജിത്ത്.
അച്ഛൻ മരിച്ചത് ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്താണ്. എന്നെ സംബന്ധിച്ച് എന്ത് സംശയം തീർക്കാനും അച്ഛൻ ഉണ്ടായിരുന്നു. എന്തും തുറന്ന് പറയാവുന്ന ആളായിരുന്നു അച്ഛൻ. നല്ല വിവരമുള്ള ഒരാൾ. അച്ഛന്റെ പുസ്തകശേഖരം ഞങ്ങളുടെ വീട്ടിലെ മൂന്ന് മുറികൾ നിറയെ ഉണ്ടായിരുന്നു. ഒരുപാട് വായിക്കുമായിരുന്നു. എന്ത് വിഷയത്തെക്കുറിച്ചും നന്നായി സംസാരിക്കാനുള്ള ഒരു അറിവ് ഉണ്ടായിരുന്നു. കുഞ്ഞുങ്ങളായിരുന്ന ഞങ്ങൾക്ക് അത് മനസ്സിലാക്കി തരാനുള്ള കഴിവും ഉണ്ടായിരുന്നു. അതേസമയം തന്നെ ഞങ്ങൾക്കൊപ്പം കളിക്കാൻ കൂടും.
വളരെ ലളിത ജീവിതം നയിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒരു അംബാസിഡർ കാറിലായിരുന്നു അന്ന് യാത്ര. ഹവായി ചപ്പൽ മാത്രമേ ഇടാറുള്ളൂ. ഞങ്ങൾ ചോദിക്കാറുണ്ട് അച്ഛനോട് ചെരുപ്പ് മാറ്റിക്കൂടേ എന്ന്. അപ്പോൾ പറയും, ഹാ ഇതു മതിയെടാ… നാളെ നീ വാങ്ങിച്ചിട്ടോ… അച്ഛൻ ആ സമയത്ത് അങ്ങനെ ജീവിച്ചത് കൊണ്ടാകാം അച്ഛൻ മരണശേഷവും എനിക്കും അമ്മയ്ക്കും പൃഥ്വിക്കും വലിയ അല്ലലില്ലാതെ ജീവിക്കാനായത്. അച്ഛന്റെ നാട് മലപ്പുറത്തെഎടപ്പാളിലാണ്. അച്ഛന്റെ അച്ഛൻ പോസ്റ്റ്മാസ്റ്ററായിരുന്നു.ഇടത്തരം കുടുംബത്തിൽ നിന്നാണ് വന്നത്. അച്ഛൻ പഠിച്ച് കോളേജിൽ ഇംഗ്ലീഷ് അധ്യാപകനായി സിനിമയിൽ വന്ന് പിന്നെ എൽ.എൽ.ബി എടുത്തു. കുറേ പഠിക്കാൻ ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എല്ലാ അർഥത്തിലും ഒരു നല്ല മനുഷ്യൻ, ഒരു നല്ല അച്ഛൻ.-ഇന്ദ്രജിത്ത് പറഞ്ഞു.