ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന പുതിയ ചിത്രമായ ആഹാ തിയറ്ററുകളിൽ റിലീസ് ആയി. ബിബിൻ പോൾ സാമുവൽ ആണ് സംവിധാനം. റിലീസിനു മുമ്പു തന്നെ ചിത്രത്തിന്റെ ടീസറും ട്രയിലറും വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ കഥ പറയുന്നത്. വടംവലിയുടെ ആവേശവും ആകാംഷയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ സിനിമ ആയിരിക്കും ആഹാ. ആഹായുടെ പ്രമോഷനിടയിൽ ഫേസ്ബുക്ക് ലൈവിൽ എത്തിയ ഇന്ദ്രജിത്ത് സുകുമാരൻ എല്ലാവരും തിയറ്ററിൽ എത്തി ചിത്രം കാണണമെന്ന് അഭ്യർത്ഥിച്ചു.
‘ആഹാ സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണ്. വളരെ നല്ലൊരു ഓപ്പണിംഗ് സിനിമയ്ക്ക് കിട്ടിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം എല്ലായിടത്ത് നിന്നും വരുന്നുണ്ട്. വടംവലിയെ ആസ്പദമാക്കിയുള്ള സിനിമയാണ്. മലയാളികളുടെ പ്രധാനപ്പെട്ട കായികവിനോദമാണ് വടംവലി. വടംവലി പല സിനിമകളിൽ വന്നിട്ടുണ്ടെങ്കിലും വടംവലിക്കാരുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ മലയാളത്തിൽ ഇതുവരെ വന്നിട്ടില്ല. വടംവലിക്ക് പിന്നിൽ എത്രത്തോളം കഠിനാദ്ധ്വാനം ഉണ്ട്, എത്ര കഷ്ട്പ്പാടുണ്ട് അതൊക്കെ പറയുന്ന ഒരു സിനിമയാണ് ആഹാ. കേരളത്തിൽ തന്നെ വടംവലിയുടെ 3000 മുതൽ 4000 വരെ ടീമുകളുണ്ട്. അത്രയും ടീമെന്ന് പറയുമ്പോൾ തന്നെ എത്രത്തോളം ആളുകൾ വരുമെന്ന് നമുക്കറിയാം. അവരുടെ കുടുംബങ്ങളുണ്ട്. ഈ ഒരു കായിക ഇനത്തെ അത്രത്തോളം സ്നേഹിക്കുന്ന ഒരു വലിയ സംഖ്യ ആളുകൾ കേരളത്തിലുണ്ട്. അതുകൊണ്ടു തന്നെ ഈ കായികഇനത്തെക്കുറിച്ചും ഇതിന്റെ ചരിത്രത്തെക്കുറിച്ചും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളെക്കുറിച്ചും ആൾക്കാർ അറിയണമെന്ന ഒരു ചിന്തയിൽ നിന്നാണ് ആഹാ സിനിമ ജനിക്കുന്നത്. സിനിമ റിലീസ് ആയതിനു ശേഷം വളരെ നല്ല അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമകാണാൻ പ്രേക്ഷകരെ തിയറ്ററിലേക്ക് ക്ഷണിക്കുന്നു’ – ലൈവിലെത്തിയ ഇന്ദ്രജിത്ത് സുകുമാരൻ പറഞ്ഞു. കുറുപ്പ് സിനിമയിൽ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇന്ദ്രജിത്ത് പറഞ്ഞു. കുറുപ് റിലീസ് ആയി ഒരു ആഴ്ചയ്ക്ക് ശേഷമാണ് ആഹാ എന്ന ചിത്രം വരുന്നതെന്നും രണ്ടു സിനിമയുടെയും അണിയറ പ്രവർത്തകർക്ക് നന്ദി അറിയിക്കുകയാണെന്നും ഇന്ദ്രജിത്ത് പറഞ്ഞു. സംവിധായകൻ ബിപിനെയും ലൈവിൽ ഇന്ദ്രജിത്ത് പ്രേക്ഷകർക്കായി പരിചയപ്പെടുത്തി. ബിപിന്റെ ആദ്യത്തെ സിനിമയാണ് ആഹാ എന്നും ഒരുപാട് റിസർ
ച്ച് നടത്തിയാണ് ചിത്രം തയ്യാറിക്കിയിരിക്കുന്നതെന്നും ബിബിനെ പരിചയപ്പെടുത്തി കൊണ്ട് ഇന്ദ്രജിത്ത് പറഞ്ഞു. എല്ലാവരും തിയറ്ററിൽ തന്നെ എത്തി ചിത്രം കാണണമെന്നും ഇന്ദ്രജിത്ത് അഭ്യർത്ഥിച്ചു.
ആഹാ എന്ന വടംവലി ടീമിന്റെയും നീലൂർ എന്ന ഗ്രാമത്തിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ആഹാ എന്ന വടംവലി ടീമിന്റെ പഴയ അംഗമായും പുതിയ ടീമിന്റെ പരിശീലകനായുമാണ് ഇന്ദ്രജിത് എത്തുന്നത്. മത്സരിച്ച 73 ഇൽ 72 ഉം ജയിച്ച ആഹാ എന്ന വടവലി ക്ലബിന്റെ കഥ ഏറെ ഗവേഷണങ്ങൾ നടത്തിയതിനു ശേഷമാണു സിനിമയാക്കി എടുക്കുന്നത് എന്ന് രചയിതാവ് പറഞ്ഞിരുന്നു. 84 ലൊക്കേഷനുകളിൽ ആയി ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ ആറായിരത്തിൽ അധികം ജൂനിയർ ആർട്ടിസ്റ്റുകൾ ആണ് അഭിനയിച്ചത്. ഒരുപാട് പരിശ്രമം എടുത്താണ് ഇത്തരത്തിലുള്ള ഒരു ചിത്രം പൂർത്തിയാക്കാൻ സാധിച്ചത് എന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.