നായകനായും വില്ലനായും സഹനടനായുമെല്ലാം മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരനായ നടനാണ് ഇന്ദ്രജിത്ത് സുകുമാരൻ. മലയാളത്തിന്റെ പ്രിയപ്പെട്ട നടന്മാരില് ഒരാള്‍ മാത്രമല്ല, നല്ലൊരു ഗായകന് കൂടിയാണ് ഇപ്പോഴിതാ, താരം കടുവായെ കിടുവ പിടിക്കുന്നേ എന്ന പാട്ടുമായി വീണ്ടുമെത്തിരിക്കുകയാണ്. ഇന്ദ്രജിത്തിന്റെ പുതിയ ചിത്രമായ ‘ആഹാ’യുടെ സക്സസ് സെലിബ്രേഷന്റെ ഭാഗമായി മഹാരാജാസ് കോളേജില്‍ വെച്ചായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.
മഹാരാജാസിലെ വിദ്യാര്‍ത്ഥികളുടെ താത്പര്യപ്രകാരമാണ് ഇന്ദ്രജിത്ത് വീണ്ടും ആ പാട്ടുമായി വേദി കീഴടക്കിയത്. താരത്തിനൊപ്പം ക്യാംപസ് മുഴുവന്‍ പാട്ട് ഏറ്റുപാടുകയും ചെയ്തു. ഈ പാട്ടിവിടെ പാടാന്‍ കാരണം പാട്ടിന്റെ വരികളില്‍ ‘ആഹാ’ എന്ന വാക്കുള്ളത് കൊണ്ടാണെന്നായിരുന്നു സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞത്. ബിബിൻ പോൾ സാമുവൽ ആണ് ആഹായുടെ സംവിധാനം. റിലീസിനു മുമ്പു തന്നെ ചിത്രത്തിന്റെ ടീസറും ട്രയിലറും വലിയ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കേരളത്തിൽ വലിയ പ്രചാരമുള്ള വടംവലി എന്ന കായികയിനത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ കഥ പറയുന്നത്. വടംവലിയുടെ ആവേശവും ആകാംഷയും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം നിറഞ്ഞ സിനിമ കൂടിയാണ് ആഹാ.
നീലൂർ എന്ന ഗ്രാമത്തിന്റെയും ആഹാ എന്ന വടംവലി ടീമിന്റെയും കഥ പറയുന്ന ഈ ചിത്രത്തിൽ ആഹാ എന്ന വടംവലി ടീമിന്റെ പഴയ അംഗമായും പുതിയ ടീമിന്റെ പരിശീലകനായുമാണ് ഇന്ദ്രജിത് എത്തുന്നതെന്നും ട്രൈലെർ നമ്മളോട് പറയുണ്ട്. മത്സരിച്ച 73 ഇൽ 72 ഉം ജയിച്ച ആഹാ എന്ന വടവലി ക്ലബിന്റെ കഥ ഏറെ ഗവേഷണങ്ങൾ നടത്തിയതിനു ശേഷമാണു സിനിമയാക്കി എടുക്കുന്നത് എന്ന് രചയിതാവ് പറഞ്ഞിരുന്നു. 84 ലൊക്കേഷനുകളിൽ ആയി ഷൂട്ട് ചെയ്ത ഈ ചിത്രത്തിൽ ആറായിരത്തിൽ അധികം ജൂനിയർ ആർട്ടിസ്റ്റുകൾ ആണ് അഭിനയിച്ചത്. ഒരുപാട് പരിശ്രമം എടുത്താണ് ഇത്തരത്തിലുള്ള ഒരു ചിത്രം പൂർത്തിയാക്കാൻ സാധിച്ചത് എന്നും അണിയറ പ്രവർത്തകർ പറയുന്നു.
സംവിധായകൻ തന്നെ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് രാഹുൽ ദീപ് ബാലചന്ദ്രൻ കാമറ ചലിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രശസ്ത ഗായിക കൂടിയായ സയനോര ഫിലിപ്പ് ആണ്. ഇന്ദ്രജിത്തിനെ കൂടാതെ യുവ താരം അമിത് ചക്കാലക്കൽ, മനോജ് കെ ജയൻ, സിദ്ധാർഥ് ശിവ, അശ്വിൻ കുമാർ, ശാന്തി ബാലചന്ദ്രൻ, എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു സ്പോർട്സ് ഡ്രാമ എന്ന നിലയിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇന്ദ്രജിത് എന്ന നടന്റെ കരിയറിലെ തന്നെ ഒരു മികച്ച ചിത്രമായി മാറും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ആഹാ രചിച്ചിരിക്കുന്നത് ടോബിത് ചിറയത്തും നിർമ്മിച്ചിരിക്കുന്നത് സാസ പ്രൊഡക്ഷൻസുമാണ്.