മലയാളത്തിന്റെ സാന്നിധ്യം ലോകസിനിമയിലേക്ക് ഒരിക്കല്‍ കൂടി വരച്ചിട്ട രണ്ട് അതുല്യ പ്രതിഭകൾ ആണ് ഇന്ദ്രൻസും ഡോക്ടർ ബിജുവും. ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലില്‍ കേരളത്തിന്റെ അഭിമാനമായി മാറിയ നടന് ഇന്ദ്രന്‍സിനും സംവിധായകന് ഡോ.ബിജുവിനും തിരുവനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വീകരണമാണ് ലഭിച്ചത്. തനിക്ക് ലഭിച്ച പുരസ്കാരം സിനിമയുടെ പ്രവർത്തകർക്കായി സമർപ്പിക്കുന്നു എന്ന് സംവിധായകനും സംസ്ഥാന അവാർഡിന് പിന്നാലെ രാജ്യാന്തര അംഗീകാരം ലഭിച്ചത് ഇരട്ടിമധുരമായി എന്ന് ഇന്ദ്രൻസും പറഞ്ഞു.
ഷാങ്ഹായ് ചലചിത്രമേളയില്‍ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയാണ് വെയില് മരങ്ങള്‍. ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചില്ലെങ്കിലും ഭാവിയിൽ അത് ഉണ്ടാകുമെന്ന് സംവിധായകൻ പറയുന്നു. ചിത്രത്തിന് ലഭിച്ചിരിക്കുന്നത് ഔട്ട്സ്റ്റാന്‍ഡിങ്ങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് അവാര്‍ഡാണ്. സിനിമയ്ക്ക് പിന്നിൽ ഒരുപാട് ആളുകളുടെ നീണ്ടകാലത്തെ പ്രയത്നം ഉണ്ട് അതുകൊണ്ടാണ് തനിക്ക് ലഭിച്ച പുരസ്കാരം ഏവർക്കും സമർപ്പിക്കുന്നു എന്ന് സംവിധായകൻ പറഞ്ഞത്.