മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനെ തേടി മറ്റൊരു പുരസ്കാരം കൂടി എത്തിയിരിക്കുകയാണ്.
ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലെ അംഗീകാരത്തിനു ശേഷമാണ് ഈ പുരസ്കാരം ലഭിച്ചത്. സിങ്കപ്പൂർ ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വച്ച് മികച്ച നടനുള്ള പുരസ്കാരമാണ് ഇന്ദ്രൻസിനു ലഭിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ഈ വിവരം അറിയിച്ചത് സംവിധായകൻ ബിജുകുമാർ ദാമോദരനാണ്.
ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന ചിത്രം ഷാങ്ഹായ് മേളയിൽ ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക്ക് അച്ചീവ്മെന്റ് പുരസ്കാരം നേടിയതിന് പിന്നാലെ ചിത്രം സിങ്കപ്പൂർ ദക്ഷിണേഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചു. ഇന്ദ്രൻസിനു ലഭിക്കുന്ന ആദ്യ രാജ്യാന്തര പുരസ്കാരമാണിതെന്നും ബിജുകുമാർ പറഞ്ഞു. ഇന്ദ്രൻസിനു വേണ്ടി സംവിധായകൻ ആണ് പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാരപ്രഖ്യാപനത്തിന്റെ വീഡിയോയും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.