പൊട്ടിച്ചിരിപ്പിക്കുന്ന നിരവധി റോളുകൾ കൊണ്ട് മലയാളികളുടെ മനസ്സിലിടം പിടിച്ച നടനാണ് ഇന്ദ്രൻസ്. പൊട്ടിച്ചിരികൾക്കിടയിലും സ്വഭാവനടൻ എന്ന നിലയിലും ഇന്ദ്രൻസ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട് കൊണ്ട് താരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. സ്റ്റൈലിഷ് ലുക്കിൽ ഇന്ദ്രൻസ് എത്തിയിരിക്കുന്ന ഫോട്ടോ പകർത്തിയിരിക്കുന്നത് മനോരമ ആരോഗ്യം മാസികക്ക് വേണ്ടി ശ്യാം ബാബുവാണ്. തകർപ്പൻ ഔട്ട്ഫിറ്റിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നാടകങ്ങളോട് താത്പര്യമുണ്ടായിരുന്ന ഇന്ദ്രൻസ് ചെറുപ്പത്തിലേ അമച്വർ നാടക സമിതികളിൽ ചേർന്നു നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. 1981-ൽ ചൂതാട്ടം എന്ന സിനിമയിലൂടെ വസ്ത്രാലങ്കാര സഹായിയാണ് ഇന്ദ്രൻസ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ധാരാളം സിനിമകളിൽ വസ്ത്രാലങ്കാരജോലികൾ ചെയ്തതിനോടൊപ്പം ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. “സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്” എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ ഹാസ്യകഥാപാത്രം തുടർന്നങ്ങോട്ട് ധാരാളം സിനിമകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങാൻ ഇന്ദ്രൻസിന് സഹായകമായി. 1990-കളിൽ നിരവധി സിനിമകളിൽ ഇന്ദ്രൻസ് അഭിനയിച്ചു. ആ കാലത്തെ സിനിമകളിലെ ഒരു അവിഭാജ്യഘടകമായിരുന്നു ഇന്ദ്രൻസ്.
View this post on Instagram
2004-ൽ കഥാവശേഷൻ എന്ന സിനിമയിലെ അഭിനയം ഒരു സ്വഭാവനടൻ എന്ന രീതിയിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നതിന് കാരണമായി. ഹാസ്യവേഷങ്ങൾ മാത്രമല്ല ഏതു റോളും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. 2014 ൽ ‘അപ്പോത്തിക്കരി’യിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. 2018 ൽ ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം അദ്ദേഹം കരസ്ഥമാക്കി. 350-ൽ അധികം സിനിമകളിലും കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഥാനായകൻ എന്ന സിനിമയിൽ ഇന്ദ്രൻസ് പാടിയിട്ടുണ്ട്. രണ്ട് തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.