വൻകുടലിലെ അണുബാധയെത്തുടർന്ന് മുംബൈ അന്ധേരിയിലെ കോകിലബെൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നടൻ ഇർഫാൻ ഖാൻ അന്തരിച്ചു. 2018ൽ ഇർഫാന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ കണ്ടെത്തിയിരുന്നു. തുടർന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് ഇർഫാനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ ആഴ്ച ആദ്യമാണ് ഇർഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്. എന്നാൽ ലോക്കഡൗണിനെ തുടർന്ന് ജയ്പൂരിൽ നടന്ന ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദർ, മക്കളായ ബബിൽ,അയാൻ എന്നിവർക്കൊപ്പം ഇർഫാൻ താമസിക്കുന്നത് മുംബൈയിലാണ്
1988ൽ പുറത്തിറങ്ങിയ സലാം ബോംബെ എന്ന ചിത്രത്തിലൂടെയാണ് ഇർഫാൻ സിനിമാ ലോകത്ത് പ്രവേശിക്കുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ താരത്തിനായി. 2011ൽ പുറത്തിറങ്ങിയ പാൻ സിങ് തൊമർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു. ലൈഫ് ഓഫ് പൈ,അമേസിങ് സ്പൈഡർ മാൻ, ജുറാസിക് വേൾഡ് തുടങ്ങി നിരവധി ഹോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.