മൂന്ന് മാസം കൊണ്ട് ഇഷാനി കൂട്ടിയത് പത്ത് കിലോ. ഇഷാനിയുടെ മേക്കോവര്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 41 കിലോ ശരീരഭാരമാണ് നടി 51 കിലോയിലേക്ക് എത്തിച്ചത്. ഇപ്പോഴിതാ തന്റെ വെയ്റ്റ് ഗെയ്ന്‍ ട്രാന്സ്ഫൊര്മേഷന് വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇഷാനി. മൂന്ന് മാസ കാലയളവില്‍ താന്‍ കഴിച്ച ഭക്ഷണവും വര്‍ക്കൗട്ട് രീതികളും വിശദമായി തന്നെ നടി വിഡിയോയില്‍ പറയുന്നുണ്ട്.
ഇഷാനിയുടെ വാക്കുകള്‍: ‘മാര്‍ച്ച് ആദ്യമാണ് ജിമ്മില്‍ ചേരുന്നത്. വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും ജിമ്മില്‍ പോകാന്‍ ആദ്യം വലിയ താല്പര്യമില്ലായിരുന്നു. ശരീരഭാരം കൂട്ടാനാണ് ജിമ്മില്‍ എത്തിയതെന്ന കാര്യം ട്രെയിനറോടും പറഞ്ഞു. വര്‍ക്കൗട്ടിനേക്കാള്‍ ഡയറ്റിനാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു തന്നു.’
‘അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാന്‍. എന്നാല്‍ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തില്‍ ഇന്നേ വരെ ഞാന്‍ ഇങ്ങനെ കഴിച്ചിട്ടില്ല.’
‘ഭക്ഷണവും വര്‍ക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തില്‍ കൃത്യമായ അച്ചടക്കം കൊണ്ടുവരാന്‍ ശ്രമിക്കണം. അങ്ങനെയാണെങ്കില്‍ മാത്രമേ ഇതില്‍ വിജയിക്കൂ.’
‘മെലിഞ്ഞ പെണ്‍കുട്ടികളും ആണ്‍കുട്ടികളും വിഡിയോ ഇപ്പോള്‍ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തില്‍ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങള്‍ക്കു താഴെ, ‘സാരിയില്‍ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട്’ എന്നൊക്കെയുള്ള കമന്റുകള്‍ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകള്‍ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളില്‍ ഉണ്ടായത് തന്നെ. തന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കില്‍ എന്നും അങ്ങനെ തന്നെ ഇരുന്നേനെയെന്നും, നെഗറ്റീവ് കമന്റുകളാണ് തനിക്ക് പ്രചോദനമായതെന്നും ഇഷാനി പറഞ്ഞു.