ഹൃദയാഘാതത്തെ തുടർന്ന് കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്കുമാർ അന്തരിച്ചുവെന്ന വാർത്ത ഞെട്ടലോടെയാണ് ഇന്ത്യൻ സിനിമാലോകം ഉൾക്കൊണ്ടത്. ഇന്ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാറിനെ ബംഗളൂരുവിലെ വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരം അറിഞ്ഞ് നിരവധി ആരാധകരാണ് ആശുപത്രിയിലേക്ക് ഇരച്ചെത്തിയത്. വിക്രം ആശുപത്രിയുടെ മുമ്പിൽ ആരാധകർ നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
തനിക്ക് നഷ്ടപ്പെട്ടത് ഒരു കുഞ്ഞനുജനെയാണെന്നാണ് പുനീത് രാജ്കുമാറിന്റെ മരണത്തിൽ ലാലേട്ടൻ കുറിച്ചത്. ‘വലിയൊരു ഷോക്കാണ് എനിക്ക് ഈ വാർത്ത കേട്ടപ്പോൾ ഉണ്ടായത്. എനിക്കിപ്പോഴും വിശ്വസിക്കാനായിട്ടില്ല. എനിക്ക് എന്റെ കുഞ്ഞനുജനെ നഷ്ടപ്പെട്ട പോലെയൊരു വേദനയാണ് അനുഭവപ്പെടുന്നത്. ഞാൻ വലിയൊരു അടുപ്പം കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ പ്രാർത്ഥനകളും അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഈ നികത്താനാവാത്ത ഈ നഷ്ടവുമായി സമരസപ്പെടാൻ അവർക്ക് ധൈര്യം കിട്ടുമെന്ന് പ്രത്യാശിക്കുന്നു’ എന്നാണ് ലാലേട്ടൻ കുറിച്ചത്.
ഇതിഹാസ നടൻ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്. കന്നഡ ചലച്ചിത്ര ലോകത്ത് എന്ന് ഏറ്റവും തിരക്കുള്ള നായകനായിരുന്നു പുനീത്. 1975ലാണ് പുനീത് ജനിച്ചത്. ബെട്ടാഡ ഹൂവുവിലെ അപ്പു എന്ന കഥാപാത്രം പുനീതിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡിന് അർഹനാക്കി. 2002 ലെ അപ്പു (2002) എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി. കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം.